യുഎയിലേക്ക് യാത്രചെയ്യുന്ന റെസിഡൻസി വിസകളിലുള്ളവരുടെ ICA മുൻകൂർ അനുവാദവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനും, യാത്രകളിൽ ഉടലെടുക്കാവുന്ന തടസങ്ങൾ ഒഴിവാക്കുന്നതിനും സഹായകമാകുന്ന ഏതാനം വിവരങ്ങൾ പങ്കുവെക്കുന്നു. റെസിഡൻസി വിസകളിലുള്ളവരുടെ യുഎയിലേക്കുള്ള യാത്രകളിൽ ICA മുൻകൂർ അനുവാദവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളാൽ ഏതാനം യാത്രികർക്ക് യാത്ര മുടങ്ങേണ്ട അവസ്ഥയുണ്ടായി എന്നതിനാൽ ദയവായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
റെസിഡന്റ് വിസകളുള്ളവർക്ക് ICA അനുവാദം ആവശ്യമാണോ?
റെസിഡന്റ് വിസകളിലുള്ളവരുടെ യു എ ഇയിലേക്കുള്ള മടങ്ങിവരവുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകിയതായി നാഷണൽ അതോറിറ്റി ഫോർ എമർജൻസി ആൻഡ് ക്രൈസിസ് മാനേജ്മന്റ് (NCEMA), ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) എന്നിവർ സംയുക്തമായി ഓഗസ്റ്റ് 12-നാണ് അറിയിച്ചത്. ഈ തീരുമാനപ്രകാരം, യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് ആവശ്യമായിരുന്ന ICA അംഗീകാരം നേടുന്നതിനുള്ള കാത്തിരിപ്പ് ഒഴിവാക്കുന്നതിനായി, മുൻകൂർ അനുവാദമില്ലാതെ യാത്രചെയ്യാമെന്ന് അധികൃതർ അറിയിച്ചിരുന്നു.
അബുദാബിയിലേക്കും, ഷാർജയിലേക്കും മടങ്ങുന്നതിന് ICA അനുവാദം ആവശ്യമില്ല
രാജ്യത്തിന് പുറത്തുള്ള റെസിഡന്റ് വിസകളിലുള്ളവർക്ക്, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) മുൻകൂർ അനുവാദമില്ലാതെ അബുദാബിയിലേക്ക് യാത്രചെയ്യാമെന്ന് അബുദാബി മീഡിയ ഓഫീസ് ഓഗസ്റ്റ് 14-നു വ്യക്തമാക്കിയിരുന്നു.
ഇത്തിഹാദ് എയർവേസ് ഔദ്യോഗിക വെബ്സൈറ്റിൽ നിലവിലുള്ള യാത്രാ നിബന്ധനകളനുസരിച്ചും ICA മുൻകൂർ അനുവാദമില്ലാതെ അബുദാബിയിലേക്ക് യാത്രചെയ്യാമെന്നാണ് വ്യക്തമാക്കുന്നത്. https://www.etihad.com/en-in/travel-updates/our-network എന്ന വിലാസത്തിൽ അബുദാബിയിലേക്കുള്ള യാത്രകൾ സംബന്ധിച്ച ഇത്തിഹാദ് എയർവേസിന്റെ നിർദ്ദേശങ്ങൾ ലഭ്യമാണ്.
യു എ ഇ റെസിഡൻസി വിസകളുള്ളവർക്ക് ICA മുൻകൂർ അനുവാദമില്ലാതെ ഷാർജയിലേക്ക് യാത്ര ചെയ്യാമെന്ന് ഷാർജ എയർപോർട്ടിലെ യാത്രാ നിബന്ധനകൾ വ്യക്തമാക്കുന്നു. https://www.sharjahairport.ae/en/covid-19-latest-updates/ എന്ന വിലാസത്തിൽ ഷാർജ എയർപോർട്ടിലെ യാത്രാ നിബന്ധനകൾ ലഭ്യമാണ്.
ദുബായ് വിസകളിലുള്ളവർക്ക് GDRFA അനുമതി ആവശ്യമാണ്
ദുബായിലേക്ക് യാത്രചെയ്യുന്ന, ദുബായ് റെസിഡൻസി വിസകളിലുള്ളവർക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സിന്റെ (GDRFA) മുൻകൂർ അനുവാദം നിർബന്ധമാണെന്നാണ് എമിറേറ്സ് വിമാനകമ്പനിയുടെ യാത്രാ നിബന്ധനകളിൽ പറയുന്നത്. https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitService.aspx എന്ന വിലാസത്തിൽ നിന്ന് ഇത്തരം യാത്രികർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപായി GDRFA അനുവാദത്തിനായി അപേക്ഷിക്കാവുന്നതാണ്. https://www.emirates.com/in/english/help/flying-to-and-from-dubai/dubai-residents/ എന്ന വിലാസത്തിൽ എമിറേറ്സിന്റെ യാത്രാ നിർദ്ദേശങ്ങൾ ലഭ്യമാണ്.
ദുബായ് എയർപോർട്ടിലെ യാത്രാ നിബന്ധനകൾ പ്രകാരവും ദുബായ് റെസിഡൻസി വിസകളിലുള്ളവർക്ക്
GDRFA മുൻകൂർ അനുവാദം നിർബന്ധമാണ്. https://www.dubaiairports.ae/ എന്ന വിലാസത്തിൽ ദുബായ് എയർപോർട്ടിലെ യാത്രാ നിർദ്ദേശങ്ങൾ ലഭ്യമാണ്.
യു എ യിലേക്ക് യാത്ര ചെയ്യുന്ന റെസിഡൻസി വിസകളിലുള്ളവർ യാത്രയ്ക്ക് മുൻപായി ICA സ്മാർട്ട് സർവീസസ് സംവിധാനത്തിലൂടെ യാത്രാ സാധുത പരിശോധിക്കേണ്ടതാണ്
മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന റെസിഡന്റ് വിസകളിലുള്ളവർക്ക് https://uaeentry.ica.gov.ae എന്ന വിലാസത്തിലൂടെയോ, https://smartservices.ica.gov.ae/echannels/web/client/guest/index.html#/residents-entry-confirmation എന്ന വിലാസത്തിലൂടെയോ ICA സ്മാർട്ട് സർവീസസ് സംവിധാനത്തിലേക്ക് പ്രവേശിക്കാവുന്നതാണ്. ഈ സംവിധാനത്തിലൂടെ എമിറേറ്സ് ഐഡി നമ്പർ, പാസ്സ്പോർട്ട് നമ്പർ, പാസ്സ്പോർട്ട് ടൈപ്പ്, പൗരത്വം മുതലായ സ്വകാര്യ വിവരങ്ങൾ നൽകിയ ശേഷം തല്ക്ഷണം തന്നെ യാത്രാനുമതി നേടാവുന്നതും, യാത്രികന്റെ യാത്രാ രേഖകളുടെ സാധുത പരിശോധിക്കാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ യു എ യിലേക്ക് പ്രവേശനാനുമതിയില്ലെങ്കിൽ ഈ സംവിധാനത്തിലൂടെ ആ വിവരം അറിയാവുന്നതാണ്.
വിവരങ്ങൾ നൽകിയ ശേഷം താഴെ കാണുന്നതിനു സമാനമായ സന്ദേശം ലഭിക്കുന്നവർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതുൾപ്പടെയുള്ള യാത്രാ നടപടികളുമായി മുന്നോട്ട് പോകാവുന്നതാണ്.
അതേ സമയം താഴെ കാണുന്നതിന് സമാനമായ സന്ദേശങ്ങൾ ലഭിക്കുന്നവർക്ക് നിലവിൽ യാത്രാനുമതി നൽകിയിട്ടില്ല എന്ന് ധരിക്കേണ്ടതാണ്.
COVID-19 ടെസ്റ്റിംഗ്
രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യു എ ഇ അംഗീകൃത COVID-19 ടെസ്റ്റിംഗ് ലാബുകളിൽ നിന്നോ, അവ ഇല്ലാത്ത ഇടങ്ങളിൽ അതാത് രാജ്യങ്ങളുടെ സർക്കാർ അംഗീകൃത ലാബുകളിൽ നിന്നോ, 96 മണിക്കൂറിനുള്ളിൽ ലഭിച്ച PCR നെഗറ്റീവ് പരിശോധനാ ഫലങ്ങൾ നിർബന്ധമാണ്.