ഖത്തർ: പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സമ്മിശ്ര രീതിയിലേക്ക് മാറ്റാൻ തീരുമാനം

GCC News

രാജ്യത്തെ പൊതു മേഖലയിലെയും, സ്വകാര്യ മേഖലയിലെയും 2020-2021 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച് നേരത്തെ പ്രഖ്യാപിച്ചിരുന്ന തീരുമാനത്തിൽ ഏതാനം മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഖത്തറിലെ വിദ്യാഭ്യാസ മന്ത്രാലയം പുതിയ ഉത്തരവിറക്കി. രാജ്യത്തെ കിന്റർഗാർട്ടനുകൾ ഉൾപ്പടെ എല്ലാ വിദ്യാലയങ്ങളിലും, സെപ്റ്റംബർ 1 മുതൽ, മൂന്ന് ഘട്ടങ്ങളിലായി പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നാണ് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്.

എന്നാൽ പുതിയ ഉത്തരവ് പ്രകാരം 2020-2021 അധ്യയന വർഷത്തിലെ ആദ്യ സെമെസ്റ്ററിൽ സമ്മിശ്ര രീതിയിലുള്ള അധ്യയനം കൂടി ഉൾപ്പെടുത്തി നവീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള എല്ലാ വിദ്യാലയങ്ങളിലും ഓൺലൈനിലൂടെയുള്ള പഠന രീതിയും, ക്‌ളാസ് മുറികളിൽ നിന്ന് നേരിട്ട് അധ്യയനം നൽകുന്ന രീതിയും സംയോജിപ്പിച്ചുള്ള സമ്മിശ്ര പഠന സമ്പ്രദായം നടപ്പിലാക്കുന്നതാണ്.

സെപ്റ്റംബർ 1 മുതൽ സെപ്റ്റംബർ 3 വരെയുള്ള ആദ്യ ഘട്ടത്തിൽ, ദിനവും മൂന്നിലൊന്ന് വിദ്യാർഥികൾ ഊഴമിട്ട് ഹാജരാകുന്ന രീതിയിലും, സെപ്റ്റംബർ 6 മുതൽ 17 വരെയുള്ള രണ്ടാം ഘട്ടത്തിൽ 50 ശതമാനം വിദ്യാർത്ഥികൾ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ആഴ്ചതോറും മാറി മാറി വിദ്യാലയങ്ങളിലെത്തുന്ന രീതിയിലും, തുടർന്ന് സെപ്റ്റംബർ 20 മുതലുള്ള മൂന്നാം ഘട്ടത്തിൽ മുഴുവൻ വിദ്യാർത്ഥികളെയും വിദ്യാലയങ്ങളിൽ പ്രവേശിപ്പിക്കുന്നതിനുമാണ് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നത്. ജൂലൈ 24-നു പ്രഖ്യാപിച്ചിരുന്ന ഈ രീതിയെ സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയവുമായി നടത്തിയ അവലോകനങ്ങൾക്ക് ശേഷമാണ് വിദ്യാഭ്യാസ മന്ത്രാലയം പുതിയ തീരുമാനം അറിയിച്ചത്.

2020-2021 അധ്യയന വർഷത്തിലെ പുതിയ സമ്മിശ്ര പഠന സമ്പ്രദായ പ്രകാരം ദിനവും 30% വിദ്യാർഥികൾ ഹാജരാകുന്ന നിലയിൽ, ഓരോ വിദ്യാർഥിയും ആഴ്ചയിൽ ഒന്നോ, രണ്ടോ തവണ വിദ്യാലയങ്ങളിൽ നേരിട്ടെത്തേണ്ടതാണ്. ലാബുകൾ പോലുള്ള, പ്രായോഗിക രീതിയിലുള്ള അധ്യയനം ലഭിക്കുന്നതിന് വിദ്യാർത്ഥികൾക്ക് ഈ ദിനങ്ങളിൽ അവസരം നൽകുന്നതാണ്. വിദ്യാലയങ്ങളിൽ ഹാജരാകുന്ന വിദ്യാർത്ഥികളെ, പരമാവധി 15 പേരടങ്ങിയ വിഭാഗങ്ങളാക്കി തിരിച്ച് കൊണ്ട് ക്ലാസ്സ്മുറികളിൽ അധ്യയനം നൽകേണ്ടതാണ്. വിദ്യാർഥികൾ തമ്മിൽ 1.5 മീറ്റർ എങ്കിലും അകലം ഉറപ്പാക്കുന്ന രീതിയിൽ ക്ലാസ്സുകളിലെ ഇരിപ്പിടങ്ങൾ സജ്ജീകരിക്കേണ്ടതാണ്. ഓരോ വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങളിൽ ഹാജരാകേണ്ടതില്ലാത്ത മറ്റു ദിനങ്ങളിൽ ഓൺലൈൻ രീതിയിലൂടെ അധ്യയനം തുടരുന്നതാണ്.

സമ്മിശ്ര രീതിയിലുള്ള പഠന സമ്പ്രദായ പ്രകാരം സെമെസ്റ്ററിന്റെ മധ്യത്തിലും, അവസാനവുമുള്ള പരീക്ഷകൾ വിദ്യാലയങ്ങളിൽ വെച്ച് നേരിട്ട് നടത്തുന്നതാണ്. സമൂഹ അകലം ഉൾപ്പടെയുള്ള മുൻകരുതലുകളോടെ, ഈ പരീക്ഷകൾ സുരക്ഷിതമായി നടപ്പിലാക്കുന്നതിനുള്ള ചുമതല വിദ്യാലയങ്ങൾക്കായിരിക്കുമെന്ന് പുതിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

സെപ്റ്റംബർ 1 മുതൽ സെപ്റ്റംബർ 3 വരെയുള്ള ആദ്യ മൂന്ന് ദിനങ്ങളിൽ, വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ ഹാജരാകുന്ന വേളയിൽ പാലിക്കേണ്ടതായിട്ടുള്ള പ്രാഥമികമായ സുരക്ഷാ നിർദ്ദേശങ്ങളും, മുൻകരുതലുകൾ സംബന്ധിച്ച വിവരങ്ങളിലും ബോധവത്‌കരണം നൽകുന്നതാണ്. വിദ്യാർത്ഥികൾക്ക് തുണികൊണ്ടുള്ള മാസ്കുകൾ നിർബന്ധമാണ്. എല്ലാ വിദ്യാലയങ്ങളും ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. അധ്യയന വർഷത്തിന്റെ ആരംഭത്തിൽ സുരക്ഷാ നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന ലഘുലേഖകൾ ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും നൽകേണ്ടതാണ്.

ആദ്യ സെമസ്റ്ററിൽ ഓരോ ദിനവും ഹാജരാകേണ്ട വിദ്യാർത്ഥികളെ തീരുമാനിക്കുന്നത് സംബന്ധിച്ച നടപടികൾ വിദ്യാലയങ്ങൾ നടപ്പിലാക്കേണ്ടതാണ്. ഇപ്രകാരം തയ്യാറാക്കുന്ന പദ്ധതിയിൽ വിദ്യാർത്ഥികൾക്ക് വിദൂര വിദ്യാഭ്യാസ രീതിയിലും, നേരിട്ട് ഹാജരാകുന്ന രീതിയിലുമുള്ള അധ്യയനം നൽകുന്ന ദിനങ്ങൾ പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. വിദൂര വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുന്ന സംവിധാനങ്ങളെ കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ ആവശ്യമായ പരിശീലനം നൽകേണ്ടതാണെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

വിദ്യാലയങ്ങളിൽ നടപ്പിലാക്കേണ്ട മറ്റു ആരോഗ്യ സുരക്ഷാ നിബന്ധനകൾ:

  • വിദ്യാലയങ്ങളിൽ എല്ലാ സമയങ്ങളിലും സമൂഹ അകലം ഉറപ്പാക്കണം.
  • വിദ്യാർഥികൾ കൂട്ടം ചേരുന്ന എല്ലാ പ്രവർത്തനങ്ങളും ഒഴിവാക്കേണ്ടതാണ്.
  • വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ള വിദ്യാർത്ഥികൾക്ക്, ഇത് സംബന്ധമായ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാലയങ്ങളിൽ നേരിട്ട് ഹാജരാകുന്നതിൽ ഇളവ് അനുവദിക്കാവുന്നതാണ്. വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ള രക്ഷിതാക്കൾ ഉള്ള വിദ്യാർത്ഥികൾക്കും ഈ ഇളവ് ബാധകമാണ്. പ്രധാന പരീക്ഷകൾ എഴുതുന്നതിൽ ഈ ഇളവ് അനുവദിക്കുന്നതല്ല.