ഗന്ധത്തിൽ നിന്ന്, 30 മുതൽ 60 സെക്കന്റുകൾ കൊണ്ട്, COVID-19 രോഗബാധ കണ്ടെത്തുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാൻ യുഎഇ-ഇസ്രായേലി കമ്പനികൾ തമ്മിൽ ധാരണയായി. അബുദാബി ആസ്ഥാനമായുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – ക്ലൗഡ് കമ്പ്യൂട്ടിംഗ് കമ്പനിയായ ഗ്രൂപ്പ് 42-ഉം (G42), ഘ്രാണ ശക്തിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നടത്തുന്ന ഇസ്രായേൽ ആസ്ഥാനമായുള്ള നാനോസെന്റും (NanoScent) തമ്മിലാണ് ധാരണാപത്രത്തിൽ ഒപ്പു വെച്ചത്. ഗന്ധങ്ങൾ ഉപയോഗപ്പെടുത്തി COVID-19 രോഗബാധ കണ്ടെത്തുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉപകരണങ്ങൾ പ്രായോഗികതലത്തിൽ നടപ്പിലാകുകയാണെങ്കിൽ, ആഗോളതലത്തിൽ തന്നെ കൊറോണ വൈറസ് പരിശോധനകളിൽ വിപ്ലവാത്മകമായ മാറ്റം കൊണ്ടുവരുന്നതിന് അത് സഹായകമാകും.
ഉച്ഛ്വാസ വായുവിൽ നിന്ന് കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തുന്നതിനുള്ള സംയുക്തമായുള്ള ഗവേഷണങ്ങളും, ‘സെന്റ് ചെക്ക്’ എന്ന പേരിൽ ഇത്തരത്തിൽ രോഗബാധ കണ്ടെത്താൻ സഹായകമാകുന്ന ഒരു ഉപകരണത്തിന്റെ നിർമ്മാണ പ്രക്രിയകളിലുമാണ് ഇരു സ്ഥാപനങ്ങളും സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയിലെത്തിയിട്ടുള്ളത്.
COVID-19 രോഗബാധയ്ക്ക് കാരണമാകുന്ന, SARS-CoV-2 വൈറസ് സാന്നിദ്ധ്യമുള്ള ശരീരത്തിൽ നിന്നുള്ള ഉച്ഛ്വാസ വായുവിൽ നിന്ന്, എളുപ്പത്തിൽ ബാഷ്‌പീകരണം സംഭവിക്കാവുന്ന ജൈവപദാര്‍ത്ഥങ്ങളായ VOC-യിൽ (volatile organic compounds) വരുന്ന മാറ്റങ്ങൾ കണ്ടെത്തുന്ന രീതിയിലാണ് സെന്റ് ചെക്ക് എന്ന ഉപകരണം വികസിപ്പിക്കുന്നതിന് ശ്രമിക്കുന്നത്. ഇതിനായി, പരിശോധനയ്ക്ക് വിധേയനാകുന്ന വ്യക്തിയുടെ മൂക്കിൽ നിന്നുള്ള ഉച്ഛ്വാസ വായു ഒരു ചെറിയ ബാഗ് പോലുള്ള ഉപകരണത്തിലേക്ക് കടത്തിവിടുകയും, ബാഗിലുള്ള വായുവിൽ നിന്ന് നിർമ്മിത ബുദ്ധിയുടെ സഹായത്താൽ COVID-19 രോഗസാധ്യതയുള്ള VOC സിഗ്നേച്ചർ കണ്ടെത്തുകയും ചെയ്യുന്നു. കേവലം 60 സെക്കന്റുകൾ കൊണ്ട് പരിശോധനാ ഫലം ലഭ്യമാകുന്ന രീതിയിലാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത്.
COVID-19 വൈറസിനെ സുരക്ഷിതമായി പ്രതിരോധിക്കുന്നതിനു ഫലപ്രദമായ വാക്സിൻ നിർമിക്കുന്ന പ്രവർത്തനങ്ങളിലും G42 പങ്കാളിയാണ്. ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) നിർമ്മിക്കുന്ന COVID-19 വാക്സിന്റെ, യു എ ഇയിലെ ക്ലിനിക്കൽ ട്രയൽ പ്രവർത്തനങ്ങൾക്ക് G42-ആണ് നേതൃത്വം നൽകുന്നത്. ആഗോള സഹകരണത്തിലൂടെ COVID-19 മഹാമാരിയെ മറികടക്കുക എന്ന യു എ ഇ നയത്തിന്റെ ഭാഗമായാണ്, രാജ്യത്തു നിന്നുള്ള കമ്പനികൾ ഇത്തരം സംയുക്ത ഗവേഷണങ്ങളിൽ പങ്കാളികളാകുന്നത്.