അൽ ഐൻ മൃഗശാലയിലെ ഷെയ്ഖ് സയ്ദ് ഡെസേർട് ലേർണിംഗ് സെന്ററിന്റെ പ്രവർത്തനം പുനരാരംഭിച്ചു

UAE

അൽ ഐൻ മൃഗശാലയുടെ ഭാഗമായുള്ള ഷെയ്ഖ് സയ്ദ് ഡെസേർട് ലേർണിംഗ് സെന്ററിന്റെ പ്രവർത്തനം പുനരാരംഭിച്ചു. കർശനമായ കൊറോണ വൈറസ് പ്രതിരോധ മുൻകരുതലുകളോടെയാണ് ഷെയ്ഖ് സയ്ദ് ഡെസേർട് ലേർണിംഗ് സെന്ററിലും, അൽ ഐൻ മൃഗശാലയിലും സന്ദർശകരെ പ്രവേശിപ്പിക്കുന്നത്.

ഓഗസ്റ്റ് 6, വ്യാഴാഴ്ച്ച മുതൽ വാരാന്ത്യങ്ങളിൽ മാത്രമായി സന്ദർശകർക്കായി അൽ ഐൻ മൃഗശാല തുറന്നു കൊടുത്തിരുന്നു. എല്ലാ ആഴ്ച്ചകളിലും വ്യാഴം, വെള്ളി ശനി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 6 വരെയാണ് സന്ദർശകർക്ക് പ്രവേശനാനുമതി നൽകുന്നത്.

മരുഭൂമിയിലെ ജീവജാലങ്ങളെയും, മരുഭൂമിയുമായി ബന്ധപ്പെട്ടുള്ള സാംസ്‌കാരിക തനിമയും, പരമ്പരാഗത ജീവിത രീതികളും അടുത്തറിയാനും, മനസ്സിലാക്കാനും ഷെയ്ഖ് സയ്ദ് ഡെസേർട് ലേർണിംഗ് സെന്റർ സന്ദർശകർക്ക് അവസരമൊരുക്കുന്നു. യു എ ഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ദർശനങ്ങളെ നിലനിർത്തുന്നതിനും, ഈ മേഖലയുടെ ചരിത്രത്തോടുള്ള ബഹുമാനസൂചകമായുമാണ് ഈ കേന്ദ്രം ആരംഭിച്ചത്.

ഇവിടെയെത്തുന്ന സന്ദർശകർക്ക് മരുഭൂപ്രദേശങ്ങളിലെ വിസ്മയങ്ങൾ അനുഭവിക്കുന്നതിനും, പൗരാണികമായ ദേശീയ പൈതൃകത്തെ മനസ്സിലാക്കുന്നതിനും സാധിക്കുന്നു. ഷെയ്ഖ് സയ്ദ് ഡെസേർട് ലേർണിംഗ് സെന്റിലെ വിവിധ വിഭാഗങ്ങളിലുള്ള പ്രദർശനങ്ങൾ, സന്ദർശകർക്ക് യു എ ഇയുടെ ചരിത്രത്തിലൂടെ സഞ്ചരിക്കുന്നതിനു അവസരം നൽകുന്നു.

“സന്ദർശകർക്ക് പൂർണ്ണമായും സുരക്ഷിതമായി പ്രദർശനങ്ങൾ അനുഭവിക്കുന്നതിനുള്ള എല്ലാ മുൻകരുതലുകളും കേന്ദ്രത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. COVID-19 വ്യാപനം തടയുന്നതിനായുള്ള കർശനമായ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് സെന്റർ പ്രവർത്തിക്കുന്നത്. ആരോഗ്യ സുരക്ഷയുടെ ഭാഗമായി, ഷെയ്ഖ് സയ്ദ് ഡെസേർട് ലേർണിംഗ് സെന്ററിലെ പ്രദർശനങ്ങളിലേക്ക് ഒരേ സമയം പരമാവധി 53 പേർക്കാണ് പ്രവേശനം അനുവദിക്കുക.”, സെന്റർ ഡയറക്ടർ മുനീറ ജസീം അൽ ഹോസാനി വ്യക്തമാക്കി.

Cover Photo: Al Ain Zoo