യു എ ഇ: കൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കാൻ NCEMA ജനങ്ങളോട് നിർദ്ദേശിച്ചു

UAE

യു എ ഇയിലെ ദിനംപ്രതിയുള്ള രോഗബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി കണ്ടുവരുന്ന വര്‍ദ്ധനവിൽ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) ആശങ്ക രേഖപ്പെടുത്തി. സമൂഹ അകലം, സാമൂഹിക സന്ദർശനങ്ങൾ, ഒത്തുചേരലുകൾ എന്നിവയാകാം ഇത്തരത്തിലുള്ള രോഗവ്യാപനത്തിലെ വര്‍ദ്ധനവിനു കാരണമെന്ന് അഭിപ്രായപ്പെട്ട NCEMA, കൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു.

സമൂഹത്തിലെ എല്ലാ ആളുകളും, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുക എന്നത് COVID-19 പ്രതിരോധത്തിലെ പരമപ്രധാനമായ ഘടകമാണെന്ന് NCEMA വ്യക്തമാക്കി.

“ജനങ്ങളുടെ ഇടയിൽ നിന്നുള്ള സാമൂഹിക പ്രതിബദ്ധതയില്ലാത്തതും, ഉത്തരവാദിത്വമില്ലാത്തതുമായ പെരുമാറ്റങ്ങൾ മൂലം കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ നമുക്ക് പിറകിലേക്ക് പോകേണ്ടിവരുന്ന സാഹചര്യം ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണ്. മുഴുവൻ സമൂഹവും ഒറ്റകെട്ടായി പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നത് കൊണ്ടുമാത്രമേ രോഗവ്യാപനം തീർത്തും ഇല്ലാതാക്കാൻ നമുക്ക് സാധിക്കുകയുള്ളൂ.”, NCEMA വക്താവ് ഡോ. സൈഫ് അൽ ദഹേരി ജനങ്ങളെ ഓർമ്മപ്പെടുത്തി.

അതേസമയം, യു എ എയിലെ മുഴുവൻ ഇന്ത്യൻ സമൂഹത്തോടും, മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം, ഒത്തുചേരലുകൾ ഒഴിവാക്കൽ തുടങ്ങിയ രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങൾ വീഴ്ചകൾ കൂടാതെ പാലിക്കാൻ ഇന്ത്യൻ കോൺസുലേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.