ഒമാൻ: ഭക്ഷണശാലകൾക്കുള്ള സുരക്ഷാ നിർദ്ദേശങ്ങളുമായി മസ്‌കറ്റ് മുൻസിപ്പാലിറ്റി

GCC News

സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശങ്ങളെ തുടർന്ന് പ്രവർത്തനാനുമതി നൽകിയിട്ടുള്ള റെസ്റ്ററെന്റ്കളിലും, കഫെകളിലും നടപ്പിലാക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് മസ്‌കറ്റ് മുൻസിപ്പാലിറ്റി അറിയിപ്പ് നൽകി. ഇത്തരത്തിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ഹോട്ടലുകൾ, ടൂറിസ്റ്റ് റെസ്റ്ററെന്റ്കൾ, കഫേകൾ തുടങ്ങിയ ഭക്ഷണശാലകൾക്കുള്ള നിർദ്ദേശങ്ങളാണ് അധികൃതർ പുറത്തിറക്കിയിട്ടുള്ളത്.

ഇത്തരം ഭക്ഷണശാലകളിൽ നടപ്പിലാക്കേണ്ട നിർദ്ദേശങ്ങൾ:

  • ഭക്ഷണശാലകളിലെ മേശകൾ തമ്മിൽ 2 മീറ്റർ എങ്കിലും അകലം ഉറപ്പാക്കണം.
  • സമൂഹ അകലം സംബന്ധിച്ച അറിയിപ്പുകൾ പ്രദർശിപ്പിക്കണം.
  • സന്ദർശകരുടെ വിവരങ്ങൾ, സന്ദർശിച്ച സമയം ഉൾപ്പടെ രേഖപ്പെടുത്തി സൂക്ഷിക്കണം
  • ജീവനക്കാരുടെ ദിനം പ്രതിയുള്ള ജോലിയിൽ പ്രവേശിച്ചതും, തിരികെ മടങ്ങിയതുമായ സമയ വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കണം.
  • ജീവനക്കാർക്കും, ഉപഭോക്താക്കൾക്കുമായി സാനിറ്റൈസറുകൾ ഒരുക്കേണ്ടതാണ്.
  • ഓരോ മേശകളിലും പരമാവധി 4 പേർക്ക് മാത്രം അനുമതി.
  • മെനു കാർഡുകൾ ഒറ്റത്തവണ ഉപയോഗിക്കാവുന്ന രീതിയിലുള്ളതായിരിക്കണം.
  • ഭക്ഷണം വിളമ്പുന്നതിനു ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാത്രങ്ങൾ ഉപയോഗിക്കണം.
  • ബുഫേ സേവനങ്ങൾക്ക് അനുമതി നൽകിയിട്ടില്ല.
  • സന്ദർശകർക്ക് സേവനങ്ങൾക്കായി കാത്തിരിക്കാനുള്ള ഇടങ്ങൾ, ഇരിപ്പിടങ്ങൾ എന്നിവ ഒഴിവാക്കണം.
  • പണമിടപാടുകൾക്കായി ഡിജിറ്റൽ രീതികൾ പ്രോത്സാഹിപ്പിക്കണം.
  • വിദേശരാജ്യത്ത് നിന്നും എത്തുന്ന ജീവനക്കാർക്ക് 2 ആഴ്ച്ചത്തെ ക്വാറന്റീൻ കാലാവധിക്ക് ശേഷം മാത്രം ജോലിയിൽ പ്രവേശിക്കുന്നതിന് അനുമതി.
  • കൃത്യമായ ഇടവേളകളിൽ അണുനശീകരണം, ശുചീകരണം എന്നിവ നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കണം.
  • മുഴുവൻ ജീവനക്കാരുടെയും, ഉപഭോക്താക്കളുടെയും ശരീരോഷ്മാവ് രേഖപ്പെടുത്തേണ്ടതാണ്. ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കുന്നതിനു മുൻപും, ജോലിയിൽ പ്രവേശിച്ച ശേഷം 6 മണിക്കൂർ കഴിഞ്ഞും ഇത് രേഖപ്പെടുത്തേണ്ടതാണ്. 37 ഡിഗ്രിയിൽ കൂടുതൽ ശരീരോഷ്മാവ് രേഖപെടുത്തുന്ന ഉപഭോക്താക്കൾക്ക് പ്രവേശനാനുമതി നൽകരുത്.
  • ജീവനക്കാർ മാസ്‌കുകൾ, കയ്യുറകൾ, സമൂഹ അകലം മുതലായ നിർദ്ദേശങ്ങൾ മുഴുവൻ സമയവും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
  • രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കാൻ അനുവാദം നൽകരുത്.
  • എല്ലാ ജീവനക്കാർക്കും COVID-19 രോഗം, രോഗവ്യാപനം, രോഗ പ്രതിരോധം മുതലായവയിൽ കൃത്യമായ ബോധവത്കരണം നൽകണം.

ഭക്ഷണശാലകളിലെത്തുന്ന ഉപഭോക്താക്കൾക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ:

  • ഭക്ഷണം കഴിക്കുന്ന സമയങ്ങളിലൊഴികെ ഉപഭോക്താക്കൾക്ക് മാസ്കുകൾ നിർബന്ധമാണ്.
  • 2 മീറ്റർ സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്.
  • ഹസ്തദാനം ഒഴിവാക്കണം.
  • തുമ്മുമ്പോളും, ചുമയ്ക്കുമ്പോളും കൃത്യമായി മൂക്കും, വായും മറയ്ക്കണം.
  • ഉപഭോക്താക്കൾ ഭക്ഷണ ശേഷം ഇത്തരം സ്ഥാപനങ്ങളിൽ തുടരുന്നതും, കൂട്ടം ചേരുന്നതും ഒഴിവാക്കണം.
  • ഇത്തരം സ്ഥാപനങ്ങളിൽ കാണുന്ന സുരക്ഷാ വീഴ്ചകൾ അധികൃതരെ അറിയിക്കേണ്ടതാണ്.