യു എ ഇ: രോഗവ്യാപനം രൂക്ഷമാകുകയാണെങ്കിൽ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ സാധ്യത

UAE

രോഗവ്യാപനത്തിലെ വർദ്ധനവ് തുടരുകയാണെങ്കിൽ രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങളും, ശിക്ഷാനടപടികളും തിരികെ ഏർപ്പെടുത്താൻ സാധ്യതയുള്ളതായി ഫെഡറൽ എമെർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് പ്രോസിക്യൂഷൻ ആക്ടിങ് ഡയറക്ടർ സാലെം അൽ സാബി മുന്നറിയിപ്പ് നൽകി. COVID-19 വ്യാപനം തടയുന്നതിനായി നേരത്തെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരാമെന്നും, രോഗവ്യാപനം തടയുന്നതിനായി പൊതുസമൂഹത്തിൽ യോജിപ്പോടെയുള്ള പ്രവർത്തനങ്ങളും, സഹകരണവും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഏതാനം ദിനങ്ങളിലായി യു എ ഇയിൽ ദിനംപ്രതിയുള്ള രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിലാണ് അധികൃതരുടെ ഭാഗത്തു നിന്ന് ഇത്തരത്തിൽ ഒരു അറിയിപ്പ് നൽകിയിട്ടുള്ളത്. സമൂഹ അകലം, സാമൂഹിക സന്ദർശനങ്ങൾ, ഒത്തുചേരലുകൾ എന്നിവയാകാം ഇത്തരത്തിലുള്ള രോഗവ്യാപനത്തിലെ വര്‍ദ്ധനവിനു കാരണമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

നിലവിൽ എല്ലാ സാഹചര്യങ്ങളും നേരിടുന്നതിന് രാജ്യം സജ്ജമാണെന്നും, കൂടുതൽ വിശകലനങ്ങൾക്ക് ശേഷം ആവശ്യമാണെങ്കിൽ രോഗബാധ നിയന്തിക്കുന്നതിനായി കൂടുതൽ നിയന്ത്രണങ്ങളും, നിർദ്ദേശങ്ങളും നല്കുന്നതാന്നെന്നും അൽ സാബി വ്യക്തമാക്കി.