ഖത്തറിലെ പൊതു, സ്വകാര്യ മേഖലകളിലെ വിദ്യാലയങ്ങളിൽ 2020-2021 അധ്യയന വർഷത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിച്ചിട്ടുള്ള സമ്മിശ്ര പഠനരീതി, ഓൺലൈൻ വിദ്യാഭ്യസത്തെയും, ക്ലാസ്സ്മുറികളിൽ നിന്ന് നേരിട്ട് നൽകുന്ന വിദ്യാഭ്യാസ രീതിയെയും സംയോജിപ്പിക്കുന്നതായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ കിന്റർഗാർട്ടനുകൾ ഉൾപ്പടെ എല്ലാ വിദ്യാലയങ്ങളിലും, സെപ്റ്റംബർ 1 മുതൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിലെ ആദ്യ സെമെസ്റ്ററിൽ സമ്മിശ്ര രീതിയിലുള്ള അധ്യയനം കൂടി ഉൾപ്പെടുത്തി നവീകരിക്കാൻ തീരുമാനിച്ചതായി മന്ത്രാലയം ഓഗസ്റ്റ് 20-നു അറിയിച്ചിരുന്നു.
COVID-19 വ്യാപനം തടയുന്നത് സംബന്ധിച്ചും, രാജ്യത്തെ രോഗവ്യാപനത്തിന്റെ നിരക്കുകൾ സംബന്ധിച്ചും ഖത്തർ ആരോഗ്യ മന്ത്രാലയവുമായി നടത്തിയ അവലോകനങ്ങൾക്ക് ശേഷമാണ് വിദ്യാഭ്യാസ മന്ത്രാലയം രാജ്യത്തുടനീളമുള്ള എല്ലാ വിദ്യാലയങ്ങളിലും ഓൺലൈനിലൂടെയുള്ള പഠന രീതിയും, ക്‌ളാസ് മുറികളിൽ നിന്ന് നേരിട്ട് അധ്യയനം നൽകുന്ന രീതിയും സംയോജിപ്പിച്ചുള്ള സമ്മിശ്ര പഠന സമ്പ്രദായം നടപ്പിലാക്കാൻ തീരുമാനിച്ചത്. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും, വിദ്യാലയങ്ങൾ അടച്ചിടേണ്ടിവരുന്നത് മൂലം അധ്യയനത്തിൽ ഉണ്ടായേക്കാവുന്ന തടസങ്ങൾ ലഘൂകരിക്കുന്നതിനുമാണ് സമ്മിശ്ര പഠന സമ്പ്രദായത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
പുതിയ സമ്മിശ്ര പഠന സമ്പ്രദായ പ്രകാരം ദിനവും 30% വിദ്യാർഥികൾ വിദ്യാലയത്തിൽ ഹാജരാകുന്ന നിലയിൽ, ഓരോ വിദ്യാർഥിയും ആഴ്ചയിൽ ഒന്ന് മുതൽ മൂന്ന് തവണ വരെ വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന രീതിയിലാണ് അധ്യയനം നടപ്പിലാക്കുന്നത്. ഓരോ വിദ്യാർത്ഥിക്കും വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്നു ദിനങ്ങളിൽ പ്രായോഗിക തലത്തിലുള്ള വിദ്യാഭ്യാസം, ലാബുകൾ, പരീക്ഷകൾ എന്നിവയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നതാണ്.
വിദ്യാർത്ഥികളുടെ ഹാജർ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന നിർദ്ദേശങ്ങൾ:
- വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 1 മുതൽ സെപ്റ്റംബർ 3 വരെയുള്ള ആദ്യ മൂന്ന് ദിനങ്ങളിൽ, വിദ്യാലയങ്ങളിൽ ഹാജരാകുന്ന വേളയിൽ പാലിക്കേണ്ടതായിട്ടുള്ള പ്രാഥമികമായ സുരക്ഷാ നിർദ്ദേശങ്ങൾ, മുൻകരുതലുകൾ, സമ്മിശ്ര പഠനരീതിയെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ സംബന്ധിച്ച് ബോധവത്‌കരണം നൽകുന്നതാണ്.
- 2020-2021 അധ്യയന വർഷത്തിലെ ആദ്യ സെമെസ്റ്ററിൽ ദിനവും 30% വിദ്യാർഥികൾക്ക് മാത്രമായിരിക്കും വിദ്യാലയങ്ങളിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നത്.
- ഓരോ വിദ്യാർത്ഥികളും നേരിട്ട് ഹാജരാകേണ്ട ദിനങ്ങളെ കുറിച്ച് വിദ്യാലയങ്ങൾ രക്ഷിതാക്കളെ SMS-ലൂടെ അറിയിക്കുന്നതാണ്.
- ഓരോ വിദ്യാർത്ഥിയും ഇപ്രകാരം ആഴ്ചയിൽ ഒന്ന് മുതൽ മൂന്ന് വരെ ദിനങ്ങളിൽ വിദ്യാലയങ്ങളിൽ നേരിട്ടെത്തേണ്ടതാണ്.
സമ്മിശ്ര പഠന സമ്പ്രദായത്തിന്റെ ഭാഗമായുള്ള വിദൂര വിദ്യാഭ്യാസം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന നിർദ്ദേശങ്ങൾ:
- ദിനവും 6 സെഷനുകളായിട്ടായിരിക്കും ഓൺലൈൻ പഠനം.
- ഓൺലൈൻ പഠന പദ്ധതിയിൽ മുൻകൂട്ടി റെക്കോർഡ് ചെയ്‌ത ക്ലാസുകളും ഉൾപ്പെടുത്തുന്നതാണ്.
- ഓരോ സെഷനും 15 മുതൽ 20 മിനിറ്റ് വരെ ദൈർഘ്യമുള്ളവയായിരിക്കും.
- ക്യൂ-ലേർണിംഗ് പ്ലാറ്റ് ഫോം ഉപയോഗിച്ചുള്ള ക്ലാസുകൾ ഉണ്ടായിരിക്കും.
- പഠനത്തിനായി മൈക്രോസോഫ്ട് ടീം ആപ്പ് ഉപയോഗിക്കുന്നതാണ്.
- വിദ്യാർത്ഥികളുടെ പഠന നിലവാരം അളക്കുന്നതിനായി ദിനംപ്രതിയുള്ളതും, ആഴ്ചതോറുമുള്ളതുമായ മൂല്യനിര്‍ണ്ണയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തും.
മറ്റു നിർദ്ദേശങ്ങൾ:
- ക്യൂ-ലേർണിംഗ് പ്ലാറ്റ് ഫോം ഉപയോഗിച്ച്, റെക്കോർഡ് ചെയ്‌ത്‌വെച്ചിട്ടുള്ള പഠനഭാഗങ്ങൾ ലഭിക്കുന്നതിനും, മൂല്യനിര്‍ണ്ണയ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനുമായി ഓരോ വിദ്യാർത്ഥികൾക്കും പ്രത്യേക പാസ്സ്‌വേർഡ് നൽകുന്നതാണ്.
- വിദ്യാർത്ഥികൾക്കായി ഓൺലൈൻ പഠനത്തിനായുള്ള കംപ്യൂട്ടർ, പഠനത്തിന് അനുയോജ്യമായ സാഹചര്യം എന്നിവ രക്ഷിതാക്കൾ ഒരുക്കേണ്ടതാണ്. ക്യൂ-ലേർണിംഗ് പ്ലാറ്റ് ഫോം ഉപയോഗിക്കുന്നതിനുള്ള പാസ്സ്‌വേർഡ് ലഭിച്ചിട്ടുണ്ടെന്നും രക്ഷിതാക്കൾ ഉറപ്പാക്കേണ്ടതാണ്.
- 155 എന്ന ഹോട്ട് ലൈനിലൂടെ രക്ഷിതാക്കൾക്ക് ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട സാങ്കേതിക സഹായങ്ങൾ ലഭിക്കുന്നതാണ്.