ശരീരത്തിലോടുന്ന രക്തത്തിനോ, അസ്ഥി ഘടനയ്ക്കോ, മാംസ വ്യത്യാസമോ ഇല്ലെങ്കിലും മനസ്സിൽ മനുഷ്യർ വെവ്വേറെയാണ്. സൃഷ്ടികളിൽ വച്ചേറ്റവും ശ്രഷ്ടമെന്നു സ്വയം വാദിക്കുന്ന നമ്മൾ മനുഷ്യരുടെ മനസ്സിലുള്ള വിഭാഗീയതയുടെ തണ്ടുതുരപ്പൻ കീടങ്ങളെ അകറ്റാൻ, വിദ്യാഭ്യാസത്തിനു പോലും കഴിയുന്നില്ല എന്നത് കഷ്ട്ടം. ഒരു ഭ്രൂണം പിറവിയിൽ തന്നെ എടുത്തണിയുന്ന ഘനമുള്ള കവചങ്ങളാണ് കുലമഹിമ, അല്ലെങ്കിൽ ജാതിവർണ്ണം. ഒരേ രീതിയിൽ , ഉണരുകയും,കരയുകയും, ചെയ്യുന്ന കുരുന്നുകൾ വളർന്നു വരുമ്പോൾ അവരുടെ ഇടയിൽ വിഭാഗീയതയുടെ ഭിത്തികൾ രൂപപ്പെടുന്നു.
ഒഡിഷയിലെ ധെങ്കനാൽ ജില്ലയിൽ കാൻഷ കാറ്റെനി ഗ്രാമത്തിൽ 40-ഓളം കുടുംബങ്ങൾ ഊരുവിലക്കിന്റെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. കാരണമെന്തെന്നോ? ഉന്നത കുലജാതർ എന്ന് സ്വയം മുദ്രപതിപ്പിച്ച ഒരു വീട്ടിൽ നിന്നും, ഒരു ദളിത് പെൺകുട്ടി പൂക്കൾ പറിച്ചു എന്നതാണ് ഈ ഊരുവിലക്കിനാധാരം. ദുരഭിമാനക്കൊലകളും , മനുഷ്യത്വത്തിനേക്കാൾ വലുതാണ് ജാതീയത എന്ന ചിന്തകൾ തുടങ്ങിയവ, വർദ്ധിച്ച് വരുന്നത്, ശാസ്ത്രവും, സാമൂഹികാവബോധവും വളർന്നു വരുന്ന ഇക്കാലത്താണെന്നുള്ളതാണ് ഇതിന്റെ വിരോധാഭാസം. പണ്ഡിതനെന്നോ, പാമരനെന്നോ, ബ്രാഹ്മണനെന്നോ, ശൂദ്രനെന്നോ വ്യത്യാസമില്ലാതെ, മരണം ഒരു സൂക്ഷ്മാണുവിന്റെ രൂപത്തിൽ വന്ന് ‘എല്ലാം ഒന്ന് തന്നെ’ എന്ന് പറയാതെ പറഞ്ഞിട്ടും നമ്മൾ കണ്ണ് തുറക്കാൻ തയ്യാറാവുന്നില്ല എന്നത് ദൗർഭാഗ്യകരം.
നിയമം മൂലം എല്ലാവര്ക്കും തുല്യ നീതി ഉറപ്പാക്കുന്ന നമ്മുടെ രാഷ്ട്രീയ, സാമൂഹിക വ്യവസ്ഥിതികൾ പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ ശരിയായ ഉത്തരമേകാതെ നോക്ക് കുത്തികളായി പോകുന്നു. പലപ്പോഴും ദളിതന്റെ സംരക്ഷണം പോലും രാഷ്ട്രീയ കരുനീക്കമായി മാറുന്ന കാഴ്ചയാണ് നമ്മൾ അടിക്കടി കണ്ടുകൊണ്ടിരിക്കുന്നത്. അധകൃതരെന്ന് രഹസ്യമായി വിളിക്കാൻ കൊതിക്കുകയും, പരസ്യമായി അവരുടെ കൈ പിടിച്ച് കൂടെയുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് രാഷ്ട്രീയ സാമർഥ്യമായി നേതാക്കൾ കരുതുന്നു. വിദ്യാഭ്യാസത്തിലൂടെ ഈ ഇരുട്ട് മായ്ക്കാമെന്നു കരുതിയാൽ, കൊടുക്കുന്ന വിദ്യാഭ്യാസത്തിൽ വരെ ഉന്നതനും, അധകൃതനും എന്ന വേർ തിരിവ് വച്ചു പുലർത്തുന്ന സാമൂഹിക നീതിയില്ലായ്മയാണ് കാണാൻ കഴിയുന്നത്. സമൂഹത്തിലെ ഇത്തരം പുഴുക്കുത്തുകൾ സസൂക്ഷ്മം പരിശോധിച്ച് പരിഹരിക്കേണ്ടത് നമ്മുടെ നിയമവ്യവസ്ഥയുടെ കർത്തവ്യമായി കാണാതെ ഈ ഇരുട്ട് മാറില്ല എന്ന് നമ്മൾ ഓർക്കണം.