കാട് കയറുന്ന ചൂഷണം

Editorial
കാട് കയറുന്ന ചൂഷണം – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

ഏതെങ്കിലും ഒരു വിപത്തുണ്ടാകുമ്പോൾ മാത്രം പ്രകൃതി ചൂഷണത്തിനെതിരെയും, കാട് കയ്യേറ്റത്തിനെതിരെയും മാധ്യമങ്ങളിൽ അരികുചേർന്നുള്ള കോളങ്ങളിൽ വരുന്ന വൈകാരിക പരാമർശങ്ങൾ ഒഴിച്ചാൽ, കാര്യമായ ശ്രദ്ധ ഈ വിഷയങ്ങളിലേക്ക് നമ്മുടെ സമൂഹത്തിന്റെ ഭാഗത്ത് നിന്നോ, അധികൃതരുടെ ഭാഗത്ത് നിന്നോ പതിയുന്നില്ല. ഇതിനു ഉദാഹരണമാണ്, കഴിഞ്ഞ ദിവസം മറയൂരിൽ നടന്ന ചന്ദ്രിക എന്ന യുവതിയുടെ കൊലപാതകം. ബന്ധുവും, ആനക്കൊമ്പ് മോഷണത്തിലെ കണ്ണിയുമായ കേവലം 16 വയസ്സ് മാത്രം പ്രായമുള്ള ഒരാളാണ് ഇതിലെ ഒന്നാം പ്രതി എന്നത് ഞെട്ടിക്കുന്ന യാഥാർഥ്യമാണ്.

പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് നാടൻതോക്കും, ചുരുട്ടും നല്കി ചന്ദന കടത്തിനും, ഇലക്കൃഷിക്കും, വാറ്റിനും കാവൽ നിർത്തുന്നത് നമ്മുടെ കേരളത്തിൽ ദിനംപ്രതി ഏറിവരികയാണ്. കാട്ടിൽ കള്ളക്കാച്ചും, ഇലക്കൃഷിയും, നിരോധിത മൃഗവേട്ടയും യഥേഷ്ടം നടക്കുന്നതിന് തെളിവായി ഒരിക്കൽ പോലും ഇത്തരം സംഭവങ്ങളെ നമ്മുടെ സമൂഹം മുഖവിലയ്‌ക്കെടുക്കാറില്ലന്നതാണ് സത്യം. പ്രകൃതിയോട് ഇണങ്ങിക്കഴിയുന്ന കാടിന്റെ മക്കളെ തല്ലിയും തലോടിയും കച്ചവടക്കാർ തങ്ങളുടെ അധീനതയിലാക്കുന്നു. പലപ്പോഴും താല്പര്യമില്ലാത്ത പലതിനും ഇവർ സമ്മതിക്കേണ്ടിയും വരുന്നു.

കേരളത്തിന്റെ വനംപ്രദേശമാണെങ്കിലും, വർഷങ്ങളായി വേണ്ടത്ര ശ്രദ്ധ ലഭിക്കാത്ത ഒരു പ്രദേശമാണ് പാളപ്പെട്ടി. ചിന്നാർ വന്യജീവി സങ്കേതത്തിലെ വനത്തിനുള്ളിൽ തമിഴ്നാട് അതിർത്തിയോടു ചേർന്നാണ് പാളപ്പെട്ടി ഗോത്രവർഗ കോളനി സ്ഥിതിചെയ്യുന്നത്. വണ്ണാന്തുറൈ ഫോറസ്റ്റ് ഔട്ട്‍ പോസ്റ്റിൽ നിന്നും കാൽനടയായി ഒരു മണിക്കൂറോളം നടന്നുവേണം പാളപ്പെട്ടിയിലെത്താൻ. വർഷങ്ങളായി ഇവിടെ മൃഗവേട്ട, കഞ്ചാവുകൃഷി, ചന്ദനക്കടത്ത് തുടങ്ങിയവ നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നെങ്കിലും കാര്യമായ ശ്രദ്ധ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. മുൻപെല്ലാം മദ്യവും ഭീഷണിയും കൊണ്ട് കച്ചവടക്കാർ കയ്യടക്കിയ ഈ പ്രദേശം ഇപ്പോൾ മയക്കുമരുന്നിന്റെയും നാടൻ തോക്കിന്റെയും പിടിയിലാണെന്നത് നമ്മുടെ കാടുകൾ എത്രമാത്രം സ്വകാര്യ കച്ചവടക്കാർ കയ്യടക്കി വച്ചിരിക്കുന്നു എന്നതിന്റെ തെളിവുകളാണ്.

പലപ്പോഴും കാട്ടിലെ തിരച്ചിലുകൾ പലതും ഒരു പരിധിവിട്ട് പുരോഗമിക്കാത്തതിന്റെ കാരണം ജനശ്രദ്ധ വേണ്ടവിധം ഈ വിഷയത്തിൽ ഇല്ലാത്തതിനാലാണ്. കാട് നശിപ്പിക്കുന്നവർ അവരുടെ സുരക്ഷയ്ക്കായി നാടൻതോക്കും ആയുധങ്ങളും സജ്ജമാക്കുമ്പോൾ അവിടെ അധിവസിക്കുന്ന കുടുംബങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് നമ്മളോരോരുത്തരും അടങ്ങുന്ന സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.

Leave a Reply

Your email address will not be published. Required fields are marked *