റാസ് അൽ ഖൈമ: വാഹന പിഴതുകകളിൽ 50 ശതമാനം ഇളവ് നേടാൻ അവസരം

UAE

സെപ്റ്റംബർ 1 മുതൽ, എമിറേറ്റിലെ വാഹന പിഴതുകകളിൽ 50% ഇളവ് നേടാനുള്ള അവസരം നൽകുന്നതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു. 2019-ലും, അതിനു മുൻപുള്ള വർഷങ്ങളിലും നടന്ന ട്രാഫിക്ക് നിയമലംഘനങ്ങൾക്കുള്ള അടച്ചുതീർക്കാൻ ബാക്കിയുള്ള പിഴതുകകൾക്കാണ് ഈ ഇളവുകൾ നൽകുന്നത്. വാഹനങ്ങൾ പിടിച്ചെടുത്ത വകയിലുള്ള 2019-ലെ പിഴതുകകൾക്കും ഈ ഇളവ് ലഭ്യമാണ്.

സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 1 വരെയുള്ള കാലയളവിലാണ് ഈ ഇളവുകൾ നൽകുന്നത്. എന്നാൽ ഗുരുതരമായ ട്രാഫിക്ക് നിയമലംഘനങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല. അടച്ചുതീർക്കാനുള്ള പിഴതുകകൾ വീട്ടാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, അവരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനുമായാണ് ഈ തീരുമാനമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ആഭ്യന്തര മന്ത്രാലയത്തിന്റെ സ്‍മാർട്ട് ആപ്പ് ഉപയോഗിച്ച് ഓൺലൈനിലൂടെ പിഴ ഒടുക്കുന്നവർക്കാണ് ഈ ഇളവുകൾ ലഭ്യമാകുന്നതെന്നും പോലീസ് വ്യക്തമാക്കി.