കൊറോണക്കാലത്തെ ഒരോണക്കാലം

Editorial
കൊറോണക്കാലത്തെ ഒരോണക്കാലം – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

പ്രതിസന്ധിഘട്ടങ്ങൾക്കും, വിവാദച്ചൂടിനുമിടയിൽ വീണ്ടും ഒരോണം വന്നെത്തി. പറഞ്ഞു പറഞ്ഞു ‘ജാഗ്രത’ എന്ന പദത്തിനോട് വരെ അസഹിഷ്ണുത തോന്നിത്തുടങ്ങിയ നമ്മളിൽ പലരും മനസ്സിലാക്കണം, ഒരുപക്ഷെ ഇതേ അസഹിഷ്ണുതാ മനോഭാവമായിരിക്കാം രോഗവ്യാപനം കൂടാനിടയാവുന്നതിന്റെ കാരണമെന്ന്. പതിവ് ശൈലികൾക്ക് വിപരീതമായി ഓണക്കാലത്തെ ഒത്തുചേരലുകൾ ഒഴിവാക്കേണ്ടി വന്നേക്കാം; സാമ്പത്തികമായി എല്ലാവരെയും തളർത്തിയിരിക്കുന്ന ഈ സമയത്ത് പുത്തനുടുപ്പും, സദ്യവട്ടങ്ങളും, വിലയേറിയ പൂക്കളങ്ങളും അങ്ങിനെ എല്ലാത്തിലും മിതത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യം നമ്മൾ ഓരോരുത്തരും തിരിച്ചറിയേണ്ടത് അനിവാര്യമാണ്.

മുന്നറിയിപ്പുകളൊന്നുമില്ലാതെ നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നു വന്ന പ്രകൃതിക്ഷോഭങ്ങളും, ഉരുൾപൊട്ടലും, വെള്ളപ്പൊക്കവും, ഇപ്പോൾ COVID-19 എന്ന മഹാമാരിയും നമ്മേ പഠിപ്പിക്കാൻ ശ്രമിക്കുന്ന ചിലതുണ്ട്. സ്വരൂക്കൂട്ടി വച്ചതെല്ലാം ഒരു കുത്തൊഴുക്കിൽ നഷ്ടപ്പെട്ടവരും, ഉറങ്ങി എഴുന്നേൽക്കുന്നതിന് മുൻപ് മലയിടിഞ്ഞു മണ്ണടിഞ്ഞു പോയവരും, തന്നെ ഇതൊന്നും ബാധിക്കില്ലെന്ന് സമ്പത്തിന്റെ ഹുങ്ക് കാണിച്ചവർ വരെ ഒരു സൂക്ഷ്മാണുവിന്‌ മുൻപിൽ ഉത്തരമില്ലാതെ നിന്നതും, എല്ലാം പകൽപോലെയുള്ള സത്യങ്ങളാണ്. എന്നാൽ നൈമിഷികമായ വൈകാരികതയ്ക്കപ്പുറം ഗുണപ്രദമായ മാറ്റങ്ങളൊന്നും തന്നെ ഈ പാഠങ്ങൾ മൂലം നമ്മുടെ ജീവിതത്തിൽ നാം വരുത്തുന്നില്ല എന്നത് സങ്കടകരമാണ്. ആളുകൾ അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക എന്ന് പറയുമ്പോൾ, അനാവശ്യം പോലും അത്യാവശ്യമായി കരുതുന്ന നമ്മളിലെ അഹങ്കാരത്തിന് ലഭിക്കുന്ന മറുപടിയായിരിക്കാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന രോഗവ്യാപനം.

‘കാണം വിറ്റും ഓണം ഉണ്ണണം’ എന്ന പഴമൊഴിപോലും ഈ പ്രതിസന്ധികാലത്ത് നടപ്പിലാവുമെന്നുറപ്പില്ല; എങ്കിലും മനസ്സിലെ നന്മയും, സാഹോദര്യവും പങ്കിടാൻ ഈ ക്ഷാമകാലത്തും നമ്മൾ മടികാണിക്കരുത്; ഈ സമയവും കഴിഞ്ഞുപോകും, പ്രതീക്ഷ കൈവിടരുത്. സ്നേഹം കൊണ്ട് ഒത്തൊരുമിച്ച് മനുഷ്യരാശിയുടെ നിലനിൽപ്പിനായി പരിശ്രമിക്കേണ്ട ഈ കാലത്ത്, പരസ്പ്പരം സ്നേഹാദരങ്ങൾ പങ്കിടാൻ പിശുക്ക് കാണിക്കേണ്ടതില്ല. ‘കോറോണക്കാലത്ത് എന്ത് ഓണം!’ എന്ന അലോസരപ്പെടുത്തുന്ന ചിന്തയിൽ നിന്നും, ‘പ്രതീക്ഷയുടെ ഒരു ഓണക്കാലം വന്നെത്തി’ എന്ന ശുഭാപ്തിവിശ്വാസത്തിലേയ്ക്ക് നമ്മൾ ഓരോരുത്തരും എത്തിച്ചേരാൻ ശ്രമിക്കേണ്ടതുണ്ട്. ഏവർക്കും പ്രവാസി ഡെയ്‌ലിയുടെയും, പ്രവാസി ഭാരതി 1539 AM ന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *