സൗദി: 10 വർഷത്തെ സേവനം പൂർത്തിയാക്കിയ പ്രവാസി ആരോഗ്യ പ്രവർത്തകരുടെ കരാർ പുതുക്കേണ്ടെന്ന് തീരുമാനം

GCC News

പൊതു ആരോഗ്യ മേഖലയിൽ 10 വർഷത്തിലധികം സേവനം പൂർത്തിയാക്കിയ പ്രവാസി ആരോഗ്യ പ്രവർത്തകരുടെ തൊഴിൽ കരാർ പുതുക്കേണ്ടെന്ന് സൗദി അധികൃതർ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിശിഷ്‌ടമായ സേവന മികവും, ഉയർന്ന യോഗ്യതയുമുള്ളവർക്ക് ഈ തീരുമാനത്തിൽ ഇളവുകൾ ഉണ്ടാകുമെന്നാണ് സൂചനകൾ.

സൗദി പൗരന്മാരല്ലാത്ത ജീവനക്കാരുടെ തൊഴിൽ കരാർ കാലാവധി പരമാവധി 10 വർഷത്തേക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് സംബന്ധിച്ച സൗദി സർക്കാർ ഉത്തരവ് നടപ്പിലാക്കാൻ നിർദ്ദേശിച്ച് കൊണ്ടുള്ള മിനിസ്ട്രി ഓഫ് ഹെൽത്ത് ഫോർ ഹ്യൂമൻ റിസോഴ്സസ് അണ്ടർസെക്രട്ടറി അബ്ദുൽ റഹ്‌മാൻ അൽ ഐബാൻ പുറത്തിറക്കിയ വിജ്ഞാപനത്തെ തുടർന്നാണ് ഈ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. സൗദിയിലെ എല്ലാ മേഖലകളിലെയും, ഗവർണറേറ്റുകളിലെയും ആരോഗ്യ വകുപ്പ് ഡയറക്ടർമാർക്ക് ഈ വിജ്ഞാപനം അയച്ചതായാണ് അറിയാൻ കഴിയുന്നത്. സേവന മികവും, ഉയർന്ന യോഗ്യതയുള്ള പ്രവാസി ആരോഗ്യ പ്രവർത്തകർക്ക് ഈ തീരുമാനത്തിൽ ഇളവുകൾ നൽകുന്നതിന് ഡയറക്ടർമാർക്ക് അധികാരം നൽകുന്നതായും ഈ വിജ്ഞാപനത്തിൽ സൂചിപ്പിക്കുന്നുണ്ട്.

സൗദിയിലെ പൊതു ആരോഗ്യ രംഗത്തെ പ്രവാസി ജീവനക്കാർക്ക് പകരം സൗദി പൗരമാരെ നിയമിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തരം ഒരു നടപടി. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് പുറത്തിറക്കിയ ഒരു ഉത്തരവിനെ തുടർന്ന് ജൂലായിൽ രാജ്യത്തെ 20% പ്രവാസി ഫാർമസിസ്റ്റ് ജീവനക്കാർക്ക് പകരം സൗദി പൗരന്മാരെ നിയമിക്കുന്നതിനുള്ള ആദ്യ നടപടികൾ ആരംഭിച്ചിരുന്നു.