ഒമാൻ: 70% സർക്കാർ ജീവനക്കാർക്ക് ഓഫീസുകളിലേക്ക് തിരികെ എത്താമെന്ന് ആരോഗ്യ മന്ത്രാലയം

GCC News

ഒമാനിലെ സർക്കാർ മേഖലയിലെ 60 മുതൽ 70 ശതമാനം വരെ ജീവനക്കാർക്ക് ഓഫീസുകളിലേക്ക് തിരികെ മടങ്ങാൻ അനുവാദം നൽകുന്നതായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. ആഹ്മെദ് അൽ സൈദി അറിയിച്ചു. കർശനമായ ആരോഗ്യ സുരക്ഷാ നിബന്ധനകൾ പാലിച്ച് കൊണ്ടായിരിക്കും സർക്കാർ മേഖലയിലെ തൊഴിലിടങ്ങളിലെ അനുവദനീയമായ ജീവനക്കാരുടെ പരിധി വർദ്ധിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 3, വ്യാഴാഴ്ച്ച നടത്തിയ സുപ്രീം കമ്മിറ്റിയുടെ പത്ര സമ്മേളനത്തിലാണ് അൽ സൈദി ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പൗരന്മാർക്കും, നിവാസികൾക്കും, സർക്കാർ തലത്തിലെ വിവിധ സേവനങ്ങൾ കൂടുതൽ വേഗത്തിൽ നൽകുന്നതിനാണ് ഈ മേഖലയിലെ 60 മുതൽ 70 ശതമാനം വരെ ജീവനക്കാർക്ക് ഓഫീസുകളിൽ തിരികെ പ്രവേശിക്കുന്നതിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

ജൂലൈ മുതൽ ഒമാനിലെ സർക്കാർ സ്ഥാപനങ്ങളിലെ 30 ശതമാനം ജീവക്കാരാണ് ഓഫീസുകളിൽ നിന്ന് ജോലികൾ ചെയ്യുന്നത്. മറ്റുള്ളവരെല്ലാം വർക്ക് അറ്റ് ഹോം സംവിധാനത്തിലാണ് തങ്ങളുടെ ജോലികൾ നിർവഹിക്കുന്നത്. ഓരോ വകുപ്പുകളിലും ഏർപ്പെടുത്തേണ്ടതായ പരിധി നിശ്ചയിക്കുന്നതിന്, അതാത് വകുപ്പ് തലവന്മാർക്ക് അധികാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹ അകലം ഉൾപ്പടെയുള്ള സുരക്ഷാ നിർദ്ദേശങ്ങൾ ഇത്തരം സ്ഥാപനങ്ങളിൽ കർശനമായി നടപ്പിലാക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.