ബഹ്റൈനിലെ പൊതു വിദ്യാലയങ്ങളിലെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് രണ്ടാഴ്ച്ച കൂടി നീട്ടാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 6 മുതൽ ആരംഭിക്കാനിരുന്ന 2020-2021 അധ്യയന വർഷത്തെ പ്രവർത്തനങ്ങളാണ് രണ്ടാഴ്ച്ചത്തേയ്ക്ക് കൂടി നീട്ടി വെക്കാൻ തീരുമാനിച്ചത്.
പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ ഉൾപ്പടെയുള്ള മുഴുവൻ ജീവനക്കാർക്കും COVID-19 ടെസ്റ്റിംഗ് നടത്തുന്നതിനായാണ് വിദ്യാലയങ്ങൾ തുറക്കുന്നത് നീട്ടി വെക്കാൻ തീരുമാനിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ബഹ്റൈനിലെ COVID-19 പ്രതിരോധ നടപടികളുടെ ഉത്തരവാദിത്വമുള്ള നാഷണൽ ടാസ്ക്ഫോഴ്സിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം.
പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സെപ്റ്റംബർ 6 മുതൽ ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പുതിയ തീരുമാന പ്രകാരം പൊതുവിദ്യാലയങ്ങളുടെ പ്രവർത്തനം സെപ്റ്റംബർ 20, ഞായറാഴ്ച്ച മുതൽ ആരംഭിക്കുന്നതാണ്. അതേസമയം, രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങളുടെ കാര്യത്തിൽ മാറ്റങ്ങൾ ഒന്നുമില്ലെന്നും, അവ നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ തുറക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം കൂട്ടിച്ചേർത്തു.