പാചക വാതക ഉപയോഗവുമായി ബന്ധപ്പെട്ട് അബുദാബി സിവിൽ ഡിഫെൻസ് സുരക്ഷാ മുന്നറിയിപ്പ് നൽകി

UAE

പാചക വാതകം സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള മുൻകരുതൽ നടപടികളെക്കുറിച്ച് അബുദാബിയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് പൊതുസമൂഹത്തിനു നിർദ്ദേശം നൽകി. പാചക വാതകം സുരക്ഷിതമായി ഉപയോഗിക്കുന്നതിനെക്കുറിച്ചും, തെറ്റായ രീതിയിലുള്ള ഉപയോഗം കൊണ്ട് സംഭവിക്കാവുന്ന അപകടങ്ങളെക്കുറിച്ചും എമിറേറ്റിലെ ജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നത് ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായാണ് അബുദാബി സിവിൽ ഡിഫൻസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

പാചക വാതക ഉപയോഗത്തെക്കുറിച്ച് ഗാർഹിക ഉപഭോക്താക്കൾക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ:

  • ഗ്യാസ് കുക്കറുകളിലേക്ക് പാചകവാതകം എത്തിക്കുന്ന പൈപ്പുകൾ കൃത്യമായാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കേണ്ടതാണ്. ഇവയെ കുക്കറുകളിലേക്ക് ബന്ധിപ്പിക്കുന്ന റെഗുലേറ്ററുകൾ അംഗീകൃതമായതും, കൃത്യമായതുമാണെന്ന് ഉറപ്പാക്കേണ്ടതാണ്.
  • സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ഗ്യാസ് കുക്കറുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
  • അടുക്കളകളിൽ ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പാക്കേണ്ടതാണ്.
  • ഗ്യാസ് സിലിണ്ടറുകൾ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ഇടങ്ങളിൽ വെക്കരുത്.
  • പാചകവാതക ചോർച്ച കണ്ടെത്തുന്നതിനുള്ള സുരക്ഷാ ഉപകരണങ്ങൾ ഉറപ്പാക്കേണ്ടതാണ്.

വാണിജ്യ സ്ഥാപനങ്ങൾക്കും മറ്റുമുള്ള നിർദ്ദേശങ്ങൾ:

  • പാചകവാതകം നൽകുന്ന കോൺട്രാക്ടർമാർ അംഗീകൃത ലൈസൻസുകൾ ഉള്ളവരാണെന്ന് ഉറപ്പാക്കേണ്ടതാണ്.
  • പാചകവാതക സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികളും മറ്റും നടത്തുന്ന ജീവനക്കാർ, ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ലൈസൻസുകൾ ഉള്ളവരാണെന്ന് ഉറപ്പാക്കേണ്ടതാണ്.
  • സിവിൽ ഡിഫൻസിന്റെ അംഗീകാരമുള്ള പാചക വാതക ഉപകരണങ്ങൾ മാത്രം ഉപയോഗിക്കേണ്ടതാണ്.
  • പാചകവാതക സംബന്ധമായ സേവനങ്ങൾക്ക് സിവിൽ ഡിഫെൻസിന്റെ അംഗീകൃത കോൺട്രാക്ടർമാരെയും, സാങ്കേതികവിദഗ്ധരെയും മാത്രം ഉപയോഗപ്പെടുത്തേണ്ടതാണ്.