ബഹ്‌റൈൻ: ആരോഗ്യസുരക്ഷാ നിർദ്ദേശങ്ങൾ അവഗണിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം

GCC News

കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും, രോഗപ്രതിരോധ മുൻകരുതലുകളും പ്രധാനമാണെന്ന് ബഹ്‌റൈൻ ആരോഗ്യ വകുപ്പ് അണ്ടർസെക്രട്ടറി ഡോ. വലീദ് അൽ മനീഅ പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി. ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നത് COVID-19 വ്യാപനം തടയുന്നതിൽ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ COVID-19 സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ടുള്ള പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.

ഏതു തരത്തിലുള്ള സാമൂഹികമായ ഒത്തുചേരലുകളും വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനും, രോഗപ്രതിരോധ നടപടികളിൽ വിള്ളൽ വീഴ്ത്തുന്നതിനും ഇത് ഇടയാക്കും. ബഹ്‌റൈനിലെ COVID-19 കേസുകളിൽ പലതിലും സുരക്ഷാ നിർദ്ദേശങ്ങൾ അവഗണിക്കുന്ന പ്രവണത രോഗബാധയ്ക്കിടയാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം പ്രവണതകൾ കൊറോണ വൈറസ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുന്നതിന് തടസ്സം നിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ബഹ്‌റൈനിലെ പൊതുഇടങ്ങളിലെ മാസ്കുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട വീഴ്ചകൾക്കുള്ള പിഴതുകകൾ വർദ്ധിപ്പിക്കാനുള്ള നിർദേശം ഏതാനം പാർലിമെന്റ് അംഗങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. നിലവിലെ പിഴത്തുകയായ 5 ബഹ്‌റൈനി ദിനാർ എന്നത് 20 ദിനാറാക്കി ഉയർത്താനുള്ള നിർദ്ദേശമാണ് ഇവർ മുന്നോട്ട് വെച്ചിട്ടുള്ളത്.