അബുദാബി: എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് ആറാം ദിവസം PCR പരിശോധന നിർബന്ധം

GCC News

എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് ആറാം ദിവസം ഏർപ്പെടുത്തിയിട്ടുള്ള നിർബന്ധ COVID-19 PCR പരിശോധനയിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴയുൾപ്പടെയുള്ള നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി. അബുദാബിയിലേക്ക് യാത്രചെയ്യുന്നവർ പാലിക്കേണ്ട മുൻകരുതൽ നടപടികളെക്കുറിച്ചും സെപ്റ്റംബർ 12, ശനിയാഴ്ച്ച അബുദാബി മീഡിയ ഓഫീസിലൂടെ പങ്ക് വെച്ച ഈ അറിയിപ്പിൽ പറയുന്നുണ്ട്.

48 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 നെഗറ്റീവ് PCR റിസൾട്ട്, അല്ലെങ്കിൽ 48 മണിക്കൂറിനിടയിൽ ലഭിച്ച ലേസർ DPI നെഗറ്റീവ് റിസൾട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് കൊണ്ട് എമിറേറ്റിലേക്ക് പ്രവേശിക്കാവുന്നതാണെന്ന സെപ്റ്റംബർ 5 മുതൽ ഏർപ്പെടുത്തിയിട്ടുള്ള നിബന്ധന തുടരുമെന്ന് കമ്മിറ്റി വ്യക്തമാക്കി. അബുദാബിയ്ക്ക് പുറത്ത് നിന്ന് എമിറേറ്റിലേക്ക് പ്രവേശിക്കുന്ന പൗരന്മാർ, അബുദാബി നിവാസികൾ, സന്ദർശകർ എന്നിവർ, തുടർച്ചയായി ആറോ അതിൽ കൂടുതലോ ദിനങ്ങൾ എമിറേറ്റിൽ തുടരുകയാണെങ്കിൽ, ആറാമത്തെ ദിനം നിർബന്ധമായും ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.

ഈ പരിശോധന നിർബന്ധമാണെന്നും, ഇതിൽ വീഴ്ചവരുത്തുന്നവർക്കെതിരെ നടപടികളുണ്ടാകുമെന്നും കമ്മിറ്റി അറിയിച്ചു. സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ തീരുമാനം.

COVID-19 വാക്സിൻ പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഈ തീരുമാനത്തിൽ ഇളവുകൾ നൽകിയിട്ടുണ്ട്. ഇവർക്ക് എമർജൻസി വാഹനങ്ങൾക്കുള്ള നിരയിലൂടെ എമിറേറ്റിലേക്ക് നേരിട്ട് പ്രവേശിക്കാവുന്നതാണ്.