ഖത്തർ: വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന കർശനമാക്കി വാണിജ്യ വ്യവസായ മന്ത്രാലയം

GCC News

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഇടങ്ങളിലുള്ള മാളുകൾ, ഭക്ഷണശാലകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദൈനംദിന പരിശോധനകൾ ശക്തമാക്കിയതായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. രാജ്യത്തെ കൊറോണ വൈറസ് രോഗബാധ നിയന്ത്രിക്കുന്നതിൽ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ വിജയം കണ്ടതിനെത്തുടർന്നാണ്, ഇത്തരം വാണിജ്യ കേന്ദ്രങ്ങളിൽ വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധനാ നടപടികൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്.

മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക അന്വേഷണ വകുപ്പ് ഉദ്യോഗസ്ഥർ രാജ്യത്തുടനീളമുള്ള വാണിജ്യ കേന്ദ്രങ്ങളിലും, വ്യാപാര കേന്ദ്രങ്ങളിലും പരിശോധനകൾ കർശനമാക്കിയതായി വാണിജ്യ ലൈസൻസ് വകുപ്പിലെ തലവൻ ഹസ്സൻ ഇസ്സ അൽ മൊഹന്നദി വ്യക്തമാക്കി. ഖത്തറിലെ പൊതുസമൂഹത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും നടപ്പിലാക്കി വരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തർ റേഡിയോയിൽ നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

COVID-19 പ്രതിരോധ നടപടികളിൽ വീഴ്ചകൾ സംഭവിക്കുന്നില്ല എന്ന് ഉറപ്പാക്കുന്നതിനായി രാജ്യത്തെ ഷോപ്പിംഗ് മാളുകൾ, കഫേ, ഭക്ഷണശാലകൾ മുതലായ കേന്ദ്രങ്ങളെല്ലാം വാണിജ്യ വ്യവസായ മന്ത്രാലയം തുടർച്ചയായി നിരീക്ഷിച്ചു വരുന്നതായും അദ്ദേഹം വ്യക്തമാക്കി. മാസ്കുകൾ ഉപയോഗിക്കാത്ത ഉപഭോക്താക്കൾക്ക് മാളുകളിലേക്ക് പ്രവേശനം അനുവദിക്കാതിരിക്കുക, ഉപഭോക്താക്കൾക്ക് പ്രവേശനാനുവാദം നൽകുന്നതിന് മുൻപ് ഖത്തറിലെ COVID-19 ആപ്പ് സ്റ്റാറ്റസ് പരിശോധിക്കുക, ശരീരോഷമാവ് പരിശോധിക്കുക മുതലായ എല്ലാ നിർദ്ദേശങ്ങളും ഇത്തരം സ്ഥാപനങ്ങൾ വീഴ്ച കൂടാതെ നടപ്പിലാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹ അകലം, ഉപഭോക്താക്കൾക്ക് കൈകൾ അണുവിമുക്തമാക്കുന്നതിനായി സാനിറ്റൈസറുകൾ ഉറപ്പാക്കൽ എന്നീ സുരക്ഷാ നടപടികളും വ്യാപാര കേന്ദ്രങ്ങൾ കണിശമായി നടപ്പിലാക്കേണ്ടതാണ്.