യു എ ഇ: COVID-19 പ്രതിരോധത്തിലെ മുൻനിര പ്രവർത്തകർക്ക് വാക്സിൻ നൽകാൻ അനുവാദം

GCC News

രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ നടപടികളിലെ മുൻനിര പ്രവർത്തകർക്ക്, നിലവിൽ മൂന്നാം ഘട്ട പരീക്ഷണം നടന്നു കൊണ്ടിരിക്കുന്ന വാക്സിൻ നൽകുന്നതിന് യു എ ഇ അനുവാദം നൽകിയതായി അധികൃതർ അറിയിച്ചു. സെപ്റ്റംബർ 14, തിങ്കളാഴ്ച്ച നടന്ന പത്രസമ്മേളനത്തിൽ യു എ ഇ ആരോഗ്യ വകുപ്പ് മന്ത്രി അബ്ദുൽ റഹ്‌മാൻ ബിൻ മുഹമ്മദ് അൽ ഒവൈസാണ് ഇക്കാര്യം അറിയിച്ചത്.

മൂന്നാം ഘട്ട വാക്സിൻ പരീക്ഷണങ്ങളുടെ ഇതുവരെയുള്ള പഠന റിപ്പോർട്ടുകൾ വളരെയധികം ആത്മവിശ്വാസം നൽകുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. വാക്സിൻ സ്വീകരിച്ചവർക്ക് കൊറോണ വൈറസിനെതിരായ ആന്റിബോഡികളുടെ സാന്നിദ്ധ്യം ശക്തമായി പ്രകടമായതായും, ഇതുവരെയുള്ള പരീക്ഷണങ്ങൾ തീർത്തും സുരക്ഷിതമായിരുന്നെന്നും അദ്ദേഹം അറിയിച്ചു.

പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പടെയുള്ളവർക്ക് രോഗം പിടിപെടുന്നതിനുള്ള സാധ്യത നിലനിൽക്കുന്നതിനാലാണ് ഇവർക്ക് വാക്സിൻ നൽകാൻ തീരുമാനിച്ചത്. ഇവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ഈ തീരുമാനം സഹായകമാകുമെന്ന് അദ്ദേഹം അറിയിച്ചു. നിലവിലെ നിയമങ്ങളും, മാനദണ്ഡങ്ങളും പൂർണ്ണമായും പാലിച്ച് കൊണ്ടാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുവരെ 125 രാജ്യങ്ങളിൽ നിന്നുള്ള 31000 പേർ യു എ ഇയിലെ വാക്സിൻ പരീക്ഷണങ്ങളിൽ പങ്കാളികളായതായി പത്രസമ്മേളനത്തിൽ പങ്കെടുത്ത നാഷണൽ ക്ലിനിക്കൽ കമ്മിറ്റി അധ്യക്ഷ ഡോ. നവാൽ അൽ കാബി അറിയിച്ചു. പ്രാഥമികമായ വിലയിരുത്തലുകൾ പ്രകാരം ഈ പരീക്ഷണങ്ങൾ ആശാവഹമാണെന്നും, കൂടുതൽ പഠനങ്ങൾ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.

വാക്സിൻ പരീക്ഷണങ്ങളിൽ പങ്കെടുത്ത ആർക്കും ഇതുവരെ അപകടകരമായ പാർശ്വഫലങ്ങളോ ,മറ്റു രോഗലക്ഷണങ്ങളോ പ്രകടമായിട്ടില്ലെന്നും അവർ വ്യക്തമാക്കി. പരീക്ഷണങ്ങളുടെ ഭാഗമായി വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ള 1000 സന്നദ്ധപ്രവർത്തകർക്ക് വാക്സിൻ നൽകിയതായും, അവരിലും പാർശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.