ബഹ്റൈനിലെ പൊതു വിദ്യാലയങ്ങളിലെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് രണ്ടാഴ്ച്ച കൂടി നീട്ടാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചതായി ബഹ്റൈൻ ന്യൂസ് ഏജൻസി അറിയിച്ചു. രാജ്യത്തു കഴിഞ്ഞ ഏതാനം ദിനങ്ങളിലായി പ്രകടമാകുന്ന COVID-19 രോഗബാധിതരുടെ എണ്ണത്തിലെ വർധനവ് കണക്കിലെടുത്താണ് പൊതു വിദ്യാലയങ്ങൾ തുറക്കുന്നത് വീണ്ടും നീട്ടുന്നതിന് തീരുമാനിച്ചത്.
പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ, മറ്റു ജീവനക്കാർ എന്നിവർക്ക് സെപ്റ്റംബർ 20, ഞായറാഴ്ച്ച മുതൽ ആരംഭിക്കാനിരുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ ഒക്ടോബർ നാലിലേക്ക് മാറ്റിയിട്ടുള്ളത്. പുതിയ തീരുമാന പ്രകാരം വിദ്യാലയങ്ങളിലേക്ക് ഒക്ടോബർ 11 മുതൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാവുന്നതാണ്.
പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ ഉൾപ്പടെയുള്ള മുഴുവൻ ജീവനക്കാർക്കും കൃത്യമായ ഇടവേളകളിൽ COVID-19 ടെസ്റ്റിംഗ് നടത്തുന്നതിനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ബഹ്റൈനിലെ COVID-19 പ്രതിരോധ നടപടികളുടെ ഉത്തരവാദിത്വമുള്ള നാഷണൽ ടാസ്ക്ഫോഴ്സിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം.
നേരത്തെ സെപ്റ്റംബർ 6 മുതൽ ആരംഭിക്കാനിരുന്ന 2020-2021 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സെപ്റ്റംബർ 20-ലേക്ക് നീട്ടിവെക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിരുന്നു. പൊതു വിദ്യാലയങ്ങളിലെ മുഴുവൻ ജീവനക്കാർക്കും COVID-19 ടെസ്റ്റിംഗ് നടത്തുന്നതിനായാണ് വിദ്യാലയങ്ങൾ തുറക്കുന്നത് ആദ്യം നീട്ടിവെച്ചത്.