ഒമാൻ: വിമാനകമ്പനികൾക്ക് നിലവിലുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ച്ചയിൽ 2 സർവീസ് വീതം നടത്താൻ അനുമതി

GCC News

ഒക്ടോബർ 1 മുതൽ ഒമാനിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി, രാജ്യത്ത് നിന്ന് നിലവിൽ സേവനങ്ങൾ നൽകുന്ന വിമാനകമ്പനികൾക്ക്, നിലവിലുള്ള അവയുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ച്ചയിൽ 2 സർവീസ് വീതം നടത്താൻ അനുമതി നൽകിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങളും, വിമാന സർവീസുകളുടെ വിവരങ്ങളും, CAA ദുഖം എയർപോർട്ടിലെ തയ്യാറെടുപ്പുകൾ വിശകലനം ചെയ്ത ശേഷം ഔദ്യോഗികമായി അറിയിക്കുന്നതാണ്.

അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി, 2020 ഒക്ടോബർ 1 മുതൽ രാജ്യത്തെ വിമാനത്താവളങ്ങൾ തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി സെപ്റ്റംബർ 7, തിങ്കളാഴ്ച്ച പ്രഖ്യാപിച്ചിരുന്നു. ഒമാനിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങൾ യാത്രയാകുന്ന ഓരോ ഇടങ്ങളിലെയും രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്തായിരിക്കും സർവീസുകൾക്ക് അനുവാദം നൽകുക എന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനെത്തുടർന്ന് ഒക്ടോബർ 1, വ്യാഴാഴ്ച്ച മുതൽ 12 രാജ്യങ്ങളിലെ 15 നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ സെപ്റ്റംബർ 9-ന് അറിയിച്ചിരുന്നു. യാത്രാ സേവനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ മസ്കറ്റിൽ നിന്ന് കൊച്ചി, ഡൽഹി, മുംബൈ, ലണ്ടൻ, ഇസ്തംബൂൾ, ഫ്രാങ്ക്ഫുർട്, കെയ്റോ, ദുബായ്, ദോഹ, ദാർ എസ് സലാം, സാൻസിബാർ, കോലാലമ്പൂർ, മനില, ലാഹോർ, ഇസ്ലാമബാദ് എന്നിവിടങ്ങളിലേക്കാണ് ഒമാൻ എയർ സർവീസുകൾ നടത്തുന്നത്. ഇതിൽ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകൾ അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഇന്ത്യൻ അധികൃതർ അനുമതി നൽകുന്നതിനനുസരിച്ചായിരിക്കുമെന്നും ഒമാൻ എയർ വ്യക്തമാക്കിരുന്നു.

നിലവിൽ ഭാഗികമായി പുനരാരംഭിക്കുന്ന ഒമാനിൽ നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ ഉടൻ തന്നെ പൂർണ്ണമായ തോതിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്ന് സലാംഎയർ സിഇഒ ക്യാപ്റ്റൻ മുഹമ്മദ് അഹ്മ്മദ് പ്രത്യാശ പ്രകടിപ്പിച്ചു. സലാംഎയർ സേവനങ്ങൾ നിലനിന്നിരുന്ന ലക്ഷ്യസ്ഥാനങ്ങളിലേക്കെല്ലാം സേവനങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമാൻ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളെ സംബന്ധിച്ച് CAA നേരത്തെ അറിയിപ്പ് നൽകിയിരുന്നു. രാജ്യത്തേക്ക് സർവീസ് നടത്തുന്ന വിമാനങ്ങളിലും, വിമാനത്താവളത്തിലും നടപ്പിലാക്കുന്നതിനുള്ള സുരക്ഷാ നിബന്ധനകളും, യാത്രികർ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങളും CAA പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.