ഒമാൻ: മാളുകളുൾപ്പടെയുള്ള പൊതുസ്ഥലങ്ങളിലെത്തുന്ന സന്ദർശകരുടെ വസ്ത്രധാരണരീതി സംബന്ധിച്ച് നയം രൂപീകരിക്കാൻ മസ്കറ്റ് മുൻസിപ്പാലിറ്റി ആലോചിക്കുന്നു

GCC News

മസ്കറ്റ് മുനിസിപ്പാലിറ്റിയിലെ ഷോപ്പിംഗ് മാളുകളുൾപ്പടെയുള്ള പൊതുസ്ഥലങ്ങളിലെത്തുന്ന സന്ദർശകരുടെ വസ്ത്രധാരണരീതി സംബന്ധിച്ച് നയം രൂപീകരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി സൂചന. ഇതിനായുള്ള നിയമനടപടികളുമായി ബന്ധപ്പെട്ട രൂപരേഖകളും, നിർദ്ദേശങ്ങളും മസ്കറ്റ് മുൻസിപ്പൽ കമ്മിറ്റി, മുൻസിപ്പൽ കൗൺസിലിന് മുൻപാകെ സമർപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾക്ക് നിയമപരമായി അംഗീകാരം നൽകുന്നതിനായി മിനിസ്റ്റർ ഓഫ് ദിവാൻ ഓഫ് റോയൽ കോർട്ടിനു മുൻപാകെ മുൻസിപ്പൽ കൗൺസിൽ സമർപ്പിക്കുന്നതാണ്.

ഈ നിയമത്തിനു അംഗീകാരം ലഭിക്കുന്ന പക്ഷം, മസ്‌കറ്റിലെ മാളുകളിൽ ഷോർട്സ്, സ്ലീവ്‌ലെസ് ഷർട്ടുകൾ തുടങ്ങിയ വസ്ത്രങ്ങൾ ധരിച്ച് പ്രവേശിക്കുന്നവർക്ക്, ഒമാൻ പീനൽ കോഡിലെ ആർട്ടിക്കിൾ 294 പ്രകാരം, 300 റിയാൽ വരെ പിഴയും, മൂന്ന് മാസം വരെ തടവ് ശിക്ഷയും ലഭിക്കാവുന്നതാണ്. സ്ത്രീകൾക്കും, പുരുഷന്മാർക്കും ബാധകമാകുന്ന രീതിയിലാണ് മുൻസിപ്പൽ കമ്മിറ്റി നിയമനിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത് എന്നാണ് ലഭിക്കുന്ന സൂചനകൾ.

“പൊതു ഇടങ്ങളിൽ യോഗ്യമായ വസ്ത്രധാരണരീതി നടപ്പിലാക്കുന്നതിനുള്ള ഈ നിർദ്ദേശത്തിൽ ചുമലുകൾ മുതൽ കാൽമുട്ടുവരെയുള്ള ശരീരഭാഗങ്ങൾ മാന്യമായി മറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്. വസ്ത്രങ്ങൾ മാന്യമായതും, പ്രകോപനപരമായ സന്ദേശങ്ങളോ, മുദ്രകളോ ആലേഖനം ചെയ്തതോ ആകരുത്. ഒമാൻ പൗരന്മാർക്കും, പ്രവാസികൾക്കും ഈ നിയമം ഒരുപോലെ ബാധകമായിരിക്കും.”, ഒമാനിലെ പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ മസ്കറ്റ് ഗവർണറേറ്റിലെ മുൻസിപ്പൽ കൗൺസിൽ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി ചെയർമാൻ ഖൈസ് ബിൻ മുഹമ്മദ് അൽ മാഷരി ഈ നിയമ നിർദ്ദേശങ്ങളെക്കുറിച്ച് വ്യക്തമാക്കി.