ഒമാൻ: ഒക്ടോബർ 1 മുതൽ സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് പ്രവേശനാനുമതി നൽകി

GCC News

നിലവിൽ രാജ്യത്തിനു പുറത്തുള്ള സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് ഒക്ടോബർ 1 മുതൽ ഒമാനിലേക്ക് തിരികെ പ്രവേശിക്കാൻ അനുവാദം നൽകിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു. ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ, സെപ്റ്റംബർ 22, ചൊവ്വാഴ്ച്ച ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം കൈകൊണ്ടത്.

രാജ്യത്തേക്ക് തിരികെ എത്തുന്ന പ്രവാസികൾക്ക് COVID-19 PCR പരിശോധന നിർബന്ധമാണെന്നും, ഇത്തരം യാത്രികർ ഒമാനിലെത്തിയ ശേഷം 14 ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കി. അതേ സമയം, ഒക്ടോബർ 1 മുതൽ സാധുതയുള്ള വിസകളിലുള്ളവർക്ക് ഒമാൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള അനുവാദം ഇല്ലാതെ ഒമാനിലേക്ക് യാത്രചെയ്യാവുന്നതാണെന്ന് മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

ഒമാനിലെ പൊതുഗതാഗത സേവനങ്ങൾ പുനരാരംഭിക്കുന്നതുൾപ്പടെ, രാജ്യത്തെ ദൈനംദിന ജീവിതം സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായുള്ള ഏതാനം തീരുമാനങ്ങളും ഈ യോഗത്തിൽ സുപ്രീം കമ്മിറ്റി കൈകൊള്ളുകയുണ്ടായി.