സൗദി ദേശീയ പതാകയെ അപമാനിക്കുന്നവർക്ക് 3000 റിയാൽ പിഴ; 1 വർഷം തടവ്

Saudi Arabia

സൗദി അറേബ്യയുടെ ദേശീയ പതാകയെ സമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് 3000 റിയാൽ പിഴയും, ഒരു വർഷത്തെ തടവും ശിക്ഷയായി ലഭിക്കാമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. രാജ്യത്തെ ദേശീയ പതാകയുമായി ബന്ധപ്പെട്ട നിയമത്തിലെ ആർട്ടിക്കിൾ 20 പ്രകാരമാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികൾ കൈകൊള്ളുന്നതെന്നും അധികൃതർ വ്യക്തമാക്കി. സൗദിയിലെ ദേശീയ പതാകയുൾപ്പടെയുള്ള ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്ന പ്രവർത്തനങ്ങൾക്ക് ലഭിക്കാവുന്ന ശിക്ഷാ നടപടികൾ ഈ നിയമത്തിനു കീഴിലാണ് വരുന്നത്.

ഇതിനു പുറമെ, സൗദിയുമായി സൗഹൃദ ബന്ധം പുലർത്തുന്ന വിദേശ രാജ്യങ്ങളുടെ ദേശീയ ചിഹ്നങ്ങളെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെയും ഇതേ നിയമപ്രകാരം കർശനമായ നടപടികൾ കൈക്കൊള്ളുമെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. വിവിധ രാജ്യങ്ങളോടുള്ള വെറുപ്പ്, വിദ്വേഷം എന്നിവ മൂലം അവയുടെ ദേശീയ അടയാളങ്ങളെ നിലത്തിടുകയോ, നശിപ്പിക്കുകയോ, മറ്റു രീതിയിൽ അപമാനിക്കുകയോ ചെയ്യുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.