അബുദാബി: നിർമ്മാണ പ്രവർത്തനങ്ങൾ മൂലം ട്രാഫിക്ക് വഴിതിരിച്ച് വിടുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമം ഏർപ്പെടുത്തുന്നു

UAE

നിർമ്മാണ പ്രവർത്തനങ്ങൾ മൂലം ട്രാഫിക്ക് വഴിതിരിച്ച് വിടുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമ സംവിധാനം എമിറേറ്റിൽ ഒക്ടോബർ 1 മുതൽ നടപ്പിലാക്കാൻ തീരുമാനിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിക്കൊണ്ട് നടപ്പിലാക്കുന്നതിനും, പൊതു സമൂഹത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിനും അബുദാബി പുതിയതായി ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ള ‘ട്രാഫിക്ക് ഡിടൂർ എക്സിക്യൂട്ടീവ് റെഗുലേഷൻസ്’ നിയമങ്ങളിലൂടെ ITC ലക്ഷ്യമിടുന്നു.

ഈ നിയമം നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടം ഒക്ടോബർ 1 മുതൽ അബുദാബി സിറ്റിയിൽ ആരംഭിക്കുന്നതാണ്. തുടർന്ന്, 2021 ആരംഭം മുതൽ അൽ ഐൻ സിറ്റി, അൽ ദഫ്‌റ മേഖല എന്നിവിടങ്ങളിലും ഈ നിയമം നടപ്പിലാക്കുമെന്ന് ITC വ്യക്തമാക്കി.

നിർമ്മാണ പ്രവർത്തനങ്ങൾ ശരിയായ വിധത്തിൽ ക്രമപ്പെടുത്തുന്നതിനും, നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ട്രാഫിക്ക് വഴിതിരിച്ച് വിടുന്ന സാഹചര്യങ്ങളിൽ പാലിക്കേണ്ട നടപടികളും, നിയമങ്ങളും ഏകീകരിക്കുന്നതിനും ഈ പുതിയ നിയമ നിർമ്മാണത്തിലൂടെ സാധിക്കുമെന്ന് ITC കൂട്ടിച്ചേർത്തു. ഇത്തരം നടപടികളുമായി ബന്ധപ്പെട്ട വീഴ്ചകൾ, പിഴ എന്നിവയും ITC ഈ നിയമ നിർമ്മാണത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ഈ നിയമം നടപ്പിലാകുന്നതോടെ, റോഡ് സുരക്ഷയെ ബാധിക്കുന്നതോ, ഗതാഗതം വഴിതിരിച്ച് വിടേണ്ടിവരുന്നതോ ആയ എല്ലാ നിർമ്മാണ പ്രവർത്തനങ്ങൾക്കും ITC-യിൽ നിന്നുള്ള മുൻ‌കൂർ ട്രാഫിക് പെർമിറ്റുകൾ നിർബന്ധമാകുന്നതാണ്. വീഴ്ചകൾക്ക് ITC-യുടെ ‘ട്രാഫിക്ക് ഡിടൂർ എക്സിക്യൂട്ടീവ് റെഗുലേഷൻസ്’ പ്രകാരമുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുന്നതാണ്.

താഴെ പറയുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ ഉണ്ടാകുന്നതാണ്:

  • ട്രാഫിക്ക് സുരക്ഷയെ ബാധിക്കുന്ന വിധത്തിൽ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
  • കോൺക്രീറ്റ് അല്ലെങ്കിൽ പ്ലാസ്റ്റിക്ക് ബാരിയറുകൾ ഇല്ലാതെ റോഡുകളിൽ കുഴിയെടുക്കുന്നത്.
  • നിർമ്മാണ മേഖലകളിൽ കാൽനടക്കാർക്കും, സൈക്കിളുകൾക്കും സുരക്ഷിതമായ പാത ഒരുക്കാതിരിക്കുന്നത്.
  • നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായുള്ള സുരക്ഷാ ഉദ്യോഗസ്ഥന്റെ അഭാവം.

തീർത്തും അടിയന്തിര സാഹചര്യങ്ങളിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് മാത്രമാണ് മുൻ‌കൂർ പെർമിറ്റിൽ ഇളവ് നൽകുക എന്നും ITC വ്യക്തമാക്കിയിട്ടുണ്ട്.