ഒമാനിലെ വിമാനത്താവളങ്ങളിലൂടെ ഒക്ടോബർ 1 മുതൽ രാജ്യത്തിനകത്തേക്കും, പുറത്തേക്കും സഞ്ചരിക്കുന്നവർ പാലിക്കേണ്ട വിവിധ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിപ്പ് പുറത്തിറക്കി. ഒമാനിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകൾ, ഓമനിലേക്കുള്ള യാത്രകൾ, യാത്ര വേളയിൽ പുലർത്തേണ്ട മുൻകരുതലുകൾ എന്നിങ്ങിനെ വിവിധ തരത്തിലുള്ള സുരക്ഷാ നിർദ്ദേശങ്ങൾ ഈ അറിയിപ്പിലൂടെ CAA വ്യക്തമാക്കിയിട്ടുണ്ട്.
https://www.paca.gov.om/files/publications/corona-virus-travel-guide-covid-19.pdf എന്ന വിലാസത്തിൽ ഈ മാർഗ്ഗനിർദ്ദേശങ്ങൾ സിവിൽ ഏവിയേഷൻ അതോറിറ്റി ലഭ്യമാക്കിയിട്ടുണ്ട്.
ഒമാനിൽ നിന്ന് വിദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ, യാത്രയ്ക്ക് മുൻപായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങളിലെ പരിശോധനാ നടപടികൾ, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ, കൊറോണ വൈറസ് മുൻകരുതൽ നടപടികൾ എന്നിവ മുൻകൂട്ടി മനസ്സിലാക്കേണ്ടതാണ്. യാത്ര ചെയ്യുന്നതിന് ആവശ്യമായി വരുന്ന എല്ലാ യാത്രാ രേഖകളും ഉറപ്പാക്കേണ്ടതാണ്.
- ചെക്ക്-ഇൻ നടപടികൾ, മറ്റു യാത്രാ നടപടികൾ എന്നിവ കഴിയുന്നതും ഓൺലൈനിലൂടെ പൂർത്തിയാക്കാൻ ശ്രമിക്കേണ്ടതാണ്.
- മുഴുവൻ യാത്രികരും തങ്ങൾക്ക് COVID-19 രോഗബാധയില്ലാ എന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരു സത്യവാങ്മൂലം നൽകേണ്ടതാണ്.
- തിരക്കുകൾ ഒഴിവാക്കുന്നതിനായി കൈവശം ഒരു ഹാൻഡ്ബാഗ് മാത്രം കരുതുക.
- വിമാന സമയത്തിന് 3 – 4 മണിക്കൂർ മുൻപായി വിമാനത്താവളത്തിലെത്താൻ ശ്രമിക്കേണ്ടതാണ്.
- COVID-19 രോഗബാധിതർക്കോ, ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള രോഗലക്ഷണങ്ങൾ ഉള്ളവർക്കോ വിമാനത്താവളങ്ങളിലേക്ക് പ്രവേശനം നൽകുന്നതല്ല.
- മുഴുവൻ യാത്രികരും, വിമാനത്താവളങ്ങളിൽ കൃത്യമായ രീതിയിൽ മാസ്കുകൾ ഉപയോഗിക്കേണ്ടതാണ്.
- യാത്രികർക്ക് മാത്രമായിരിക്കും വിമാനത്താവളങ്ങളിലേക്ക് പ്രവേശിക്കാൻ അനുവാദം. യാത്രികരെ യാത്രയാക്കാൻ വരുന്നവർക്ക് തീർത്തും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ മാത്രമാണ് പ്രവേശനാനുമതി നൽകുന്നത്.
- ഒമാൻ പൗരന്മാർക്കും, പ്രവാസികൾക്കും ഒമാനിൽ നിന്ന് യാത്ര ചെയ്യുന്നതിന് പ്രത്യേക പെർമിറ്റ് ആവശ്യമില്ല.
യാത്രാവേളകളിൽ യാത്രികർക്കുള്ള നിർദ്ദേശങ്ങൾ:
- വിമാനത്താവളങ്ങളിലേക്ക് പ്രവേശിക്കുന്ന യാത്രികരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതാണ്. 38 ഡിഗ്രിയിൽ താഴെ ശരീരോഷ്മാവ് ഉള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.
- വിമാനത്താവളങ്ങളിലും, യാത്രാ വേളയിലും സമൂഹ അകലം പാലിക്കേണ്ടതാണ്.
- സുരക്ഷാ ഉദ്യോഗസ്ഥർ, പോലീസ് എന്നിവർ വിമാനത്താവളങ്ങളിൽ വെച്ച് പരിശോധനകൾക്കായി മാസ്ക് നീക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ അത് പാലിക്കേണ്ടതാണ്.
- വിമാനങ്ങളിൽ പ്രവേശിച്ച ശേഷം അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ സീറ്റുകളിൽ നിന്ന് എഴുന്നേൽക്കാൻ അനുവദിക്കൂ.
- രേഖകൾ പരിശോധനകൾക്കായി നൽകുന്ന ഘട്ടത്തിൽ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടതാണ്.
- യാത്രയിലുടനീളം പണമിടപാടുകൾക്കായി കഴിയുന്നതും ഡിജിറ്റൽ മാർഗ്ഗങ്ങൾ ഉപയോഗിക്കേണ്ടതാണ്.
- യാത്രയിലുടനീളം മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്.
- ഉപയോഗിച്ച മാസ്കുകൾ, അവ നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള പ്രത്യേക വേസ്റ്റ് ബിനുകളിൽ നിക്ഷേപിക്കേണ്ടതാണ്.
ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള നിർദ്ദേശങ്ങൾ:
- നിലവിൽ ഒമാൻ പൗരന്മാർ, സാധുതയുള്ള റെസിഡൻസി വിസക്കാർ എന്നിവർക്ക് മാത്രമാണ് ഒമാനിലേക്ക് യാത്രാനുമതി. ഇവർക്ക് ഒക്ടോബർ 1 മുതൽ മുൻകൂർ അനുമതി കൂടാതെ ഒമാനിലേക്ക് പ്രവേശിക്കാവുന്നതാണ്.
- മുഴുവൻ യാത്രികർക്കും ചുരുങ്ങിയത് ഒരു മാസമെങ്കിലും സാധുതയുള്ള, COVID-19 പരിരക്ഷയുള്ള, അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്.
- യാത്രികർ ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ഫോണുകളിൽ ‘Tarssud+’ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. ഒമാനിലെത്തിയ ശേഷം ഈ ആപ്പിലെ രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.
- മുഴുവൻ യാത്രികരുടെയും ശരീരോഷ്മാവ് പരിശോധിക്കുന്നതാണ്. COVID-19 രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവരെ പരിശോധനകൾക്കായി ക്ലിനിക്കുകളിലേക്ക് മാറ്റുന്നതാണ്.
- മുഴുവൻ യാത്രികർക്കും PCR ടെസ്റ്റിംഗ് നിർബന്ധമാണ്. വിമാനത്താവളത്തിൽ വെച്ച് നടത്തുന്ന ഈ ടെസ്റ്റിനായി യാത്രികർ 25 റിയാൽ നൽകേണ്ടതാണ്. 15 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഈ പരിശോധനകൾ ആവശ്യമില്ല.
- 8 ദിവസത്തിൽ കൂടുതൽ ഒമാനിൽ തങ്ങുന്ന എല്ലാ യാത്രികർക്കും 14 ദിവസം ക്വാറന്റീൻ നിർബന്ധമാണ്.