യു എ ഇ: വീണ്ടും ലോക്ക്ഡൌൺ ഏർപ്പെടുത്തുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് MoI

GCC News

രാജ്യത്ത് വീണ്ടും ലോക്ക്ഡൌൺ ഏർപ്പെടുത്താൻ തീരുമാനിച്ചതായുള്ള രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് യു എ ഇ ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ളതെന്ന് തോന്നിക്കുന്ന രീതിയിൽ ട്വിറ്ററിലൂടെ പ്രചരിച്ചിരുന്ന ഒരു അറിയിപ്പ് വ്യാജമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

സെപ്റ്റംബർ 25 മുതൽ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ചിരുന്ന ഈ വ്യാജ സന്ദേശം ഉൾപ്പെടുത്തിയാണ് ഇന്ന് (സെപ്റ്റംബർ 26) MoI ഇക്കാര്യത്തിൽ വ്യക്തത നൽകിയത്. ദിനംപ്രതി ഉയർന്നുവരുന്ന രോഗബാധിതരുടെ എണ്ണം കണക്കിലെടുത്ത് ഞായറാഴ്ച്ച മുതൽ ലോക്ക്ഡൌൺ ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു എന്ന രീതിയിലുള്ള വ്യാജ സന്ദേശമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

ഇത്തരം വാർത്തകൾ തെറ്റാണെന്നും, ശരിയായ വിവരങ്ങൾ അറിയുന്നതിന് ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ പിന്തുടരാനും MoI ജനങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരത്തിൽ വ്യാജമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടു നിൽക്കാനും ജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. യു എ ഇയിൽ ഇത്തരത്തിലുള്ള വ്യാജമായ വിവരങ്ങളും, തെറ്റായ ആരോഗ്യ വിവരങ്ങളും പങ്ക് വെക്കുന്നതും, പ്രചരിപ്പിക്കുന്നതും കനത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.