ലൈക്കും, ഷെയറും, ജ്വരവും

Editorial
ലൈക്കും, ഷെയറും, ജ്വരവും – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

പണ്ടെല്ലാം നാട്ടിൻപുറങ്ങളിൽ വായനശാലാ വാർഷികവേളകളിലും, കല്യാണ തലേന്നുള്ള കലാപരിപാടികളിലും പരിമിതമായ നാട്ടുകാർക്ക് മുൻപിൽ തങ്ങളുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിച്ചിരുന്ന നമ്മൾ, ഇന്ന് നേരം വെളുത്താൽ വൈകുന്നേരമാകുമ്പോളേക്കും വൈറൽ ആകാനുള്ള തത്രപ്പാടിലാണ്. ഇന്ന് ചെറിയ കുട്ടി മുതൽ പ്രായമായവർ വരെ ഈ ചിന്തയുടെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ്. അതിന് കാരണം സമൂഹമാധ്യമ പ്രതലങ്ങളുടെ അതിപ്രസരവും, സ്വാധീനവും തന്നെയാണ്.

മുൻപെല്ലാം കഴിവുകൾ പ്രദർശിപ്പിക്കാൻ ഒരു വേദി തപ്പി അലഞ്ഞിരുന്നവർക്ക്, ഇന്ന് അവരുടെ കഴിവുകളും, മുഖവും പ്രദർശിപ്പിക്കാൻ ഒരു മാത്രയിൽ സാധ്യമാകുന്നു. ആദ്യകാലങ്ങളിൽ ചാനലുകളിലൂടെ വരുന്ന എന്തും, ചിത്രീകരണശേഷം നല്ല വിധം എഡിറ്റ് ചെയ്ത്, ശബ്ദവും, വർണ്ണവും ക്രമീകരിച്ച് എല്ലാ തരം പ്രായക്കാർക്കും സ്വീകാര്യമാവും വിധത്തിൽ പ്രസരണം ചെയ്തിരുന്നതിൽ നിന്ന് മാറി, ആരും ഏതു സമയത്തും, ഏതു വിധേനയും പ്രത്യക്ഷപ്പെടുന്ന, പ്രത്യേകിച്ച് പണച്ചിലവില്ലാത്ത നൂതന സാമൂഹിക ചാനൽ സംസ്കാരത്തിലേക്ക് നമ്മുടെ സമൂഹം വഴിമാറിയിരിക്കുന്നു. നടത്തിപ്പ് ചെലവും, ആധികാരികതയും ലവലേശമില്ലാത്ത, കൂണുപോലെ മുളച്ചു പൊന്തുന്ന ചാനലുകളുടെയിടയിലാണ് ഒരു ശരാശരി മലയാളി അവന്റെ ചിന്തയുടെ വാതായനവും തുറക്കുന്നത്. പൊതുബോധ്യം എന്ന ധാരണയിൽ അവനവന്റെ മനസ്സിലുള്ളത് യാതൊരു ആധികാരികതയും ഇല്ലാതെ ജനശ്രദ്ധ പിടിച്ചുപറ്റും വിധം ശീർഷകങ്ങളും നിരത്തി പടച്ചുവിടുന്ന വീഡിയോകൾ പലപ്പോഴും എത്തിച്ചേരുന്നത് കുട്ടികളിലേയ്ക്ക് കൂടിയാണെന്നത് അതീവ ശ്രദ്ധ കൊടുക്കേണ്ട വസ്തുതയാണ്.

ഓൺലൈൻ എഡ്യൂക്കേഷന്റെ ഈ കാലത്ത്, പല കുട്ടികളുടെയും ശ്രദ്ധ, ഇതിനോടകം തന്നെ ഇത്തരത്തിൽ മുതിർന്നവർ കാണിച്ചുകൊടുക്കുന്ന ലൈക്കും, ഷെയറും, സബ്‌സ്ക്രൈബിലും തളക്കപ്പെടുമ്പോൾ, കാഴ്ച്ച കണ്ടിരിക്കുന്ന അത്ര സുഖമുണ്ടാകില്ലെന്ന് ഓർക്കണം. മുൻപെല്ലാം പരദൂഷണം പറച്ചിലും, രഹസ്യം പറച്ചിലും ഒരു സ്വകാര്യമായിരുന്നെങ്കിൽ, ഇന്നിത്തരം ചെളിവാരിയെറിയലിനായി സമൂഹമാധ്യമ വേദികൾ ഉപയോഗിക്കുന്ന സ്ഥിതിയിലേക്ക് നാം മാറിയിരിക്കുന്നു. ഇതിനൊരു മാറ്റംവരണമെങ്കിൽ ശക്തമായ സൈബർ നിയമങ്ങളെക്കുറിച്ചുള്ള അവബോധം നമ്മുടെ സമൂഹമാധ്യമ ഉപഭോക്താക്കൾക്ക് നല്കേണ്ടതുണ്ട്. സമൂഹമാധ്യമങ്ങളിൽ പോലും സാമൂഹിക അകലവും, വ്യക്തിപരമായ അതിർവരമ്പുകളും ഉണ്ടാകേണ്ടത് അത്യാവശ്യമാണ് എന്ന് നാം ഓരോരുത്തരും ഓർക്കണം.

Leave a Reply

Your email address will not be published. Required fields are marked *