ദുബായ്: COVID-19 ആരോഗ്യ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾക്ക് 18 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

UAE

COVID-19 പ്രതിരോധ നടപടികളിലെ വീഴ്ചകൾ കണ്ടെത്തുന്നതിനായി എമിറേറ്റിലുടനീളമുള്ള വാണിജ്യ സ്ഥാപനങ്ങളിൽ നടപ്പിലാക്കിവരുന്ന പരിശോധനകളുടെ ഭാഗമായി 18 സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കണോമി പിഴ ചുമത്തി. 755 വാണിജ്യ സ്ഥാപനങ്ങളിൽ സെപ്റ്റംബർ 27-ന് നടത്തിയ പരിശോധനകളിലാണ് ദുബായ് ഇക്കണോമി ഉദ്യോഗസ്ഥർ ഈ വീഴ്ച്ചകൾ കണ്ടെത്തിയത്.

സെപ്റ്റംബർ 27-ന് നടത്തിയ പരിശോധനകളിൽ 725 സ്ഥാപനങ്ങളിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് അധികൃതർ കണ്ടെത്തി. പിഴ ചുമത്തിയ 18 വ്യാപാര സ്ഥാപനങ്ങളിൽ, 16 സ്ഥാപനങ്ങളിലും ജീവനക്കാർക്കിടയിൽ മാസ്കുകളുടെ ഉപയോഗത്തിലുള്ള വീഴ്ച്ചകളാണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. സാമൂഹിക അകലം നടപ്പിലാക്കുന്നതിലെ വീഴ്ചകൾക്കാണ് 2 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയത്.

അൽ ദഖായ, ദുബായ് ഇന്റർനാഷനൽ സിറ്റി തുടങ്ങിയ ഇടങ്ങളിലെ വാണിജ്യ കേന്ദ്രങ്ങൾ, ചില്ലറ വില്പനശാലകൾ, തുണിത്തരങ്ങളുടെ വിപണന കേന്ദ്രങ്ങൾ, സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരശാലകൾ, മൊബൈൽ ഫോൺ ഷോപ്പുകൾ മുതലായ സ്ഥാപനങ്ങളിലാണ് അധികൃതർ ഇത്തരം സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയത്. പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ച വരുത്തിയ 2 ഹെൽത്ത് ക്ലബ്ബുകളും ഇതിൽ ഉൾപ്പെടുന്നു. സാമൂഹിക അകലം ഓർമ്മപ്പെടുത്തുന്നതിനായുള്ള അടയാള സ്റ്റിക്കറുകൾ പ്രദർശിപ്പിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 12 സ്ഥാപനങ്ങൾക്ക് താക്കീത് നൽകിയതായും അധികൃതർ വ്യക്തമാക്കി.

രോഗവ്യാപനം തടയുന്നതിനും, സുരക്ഷാ നിർദ്ദേശങ്ങളെ കുറിച്ച് അവബോധം ഉളവാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ദുബായ് ഇക്കണോമിയുടെ പരിശോധനകൾ എമിറേറ്റിലുടനീളമുള്ള വ്യാപാര കേന്ദ്രങ്ങളിലും, വാണിജ്യ സ്ഥാപനങ്ങളിലും തുടരുകയാണ്. രോഗവ്യാപനം തടയുന്നതിനും, പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കായും പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ മുഴുവൻ സ്ഥാപനങ്ങളോടും ദുബായ് ഇക്കണോമി ആവശ്യപ്പെട്ടിട്ടുണ്ട്.

വീഴ്ച്ചകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ച്ചകളെക്കുറിച്ചുള്ള വിവരങ്ങൾ 600545555 എന്ന നമ്പറിലോ, consumerrights.ae എന്ന വെബ്സൈറ്റിലൂടെയോ, ദുബായ് ഇക്കണോമിയുടെ ആപ്പിലൂടെയോ ഉപഭോക്താക്കൾക്ക് പങ്ക് വെക്കാവുന്നതാണ്.