രാജ്യത്തെ പള്ളികൾ ഉൾപ്പടെയുള്ള ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം നവംബർ 15-ന് കൈക്കൊള്ളുമെന്ന് മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് സെപ്റ്റംബർ 28, തിങ്കളാഴ്ച്ച അറിയിച്ചു. സെപ്റ്റംബർ 22-ന് സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ഒമാനിലെ ആരാധനാലയങ്ങൾ വിശ്വാസികൾക്കായി തുറന്നു കൊടുക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
നിലവിലെ സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നത്, രോഗവ്യാപനത്തിനിടയാക്കുമെന്ന ആശങ്ക രാജ്യത്ത് നിലനിൽക്കുന്നതായും, അതിനാൽ നവംബറിൽ ഇത് സംബന്ധിച്ച് കൂടുതൽ വിശകലനങ്ങൾക്ക് ശേഷം തീരുമാനമുണ്ടാകുന്നത് വരെ ആരാധനാലയങ്ങൾ അടച്ചിടുമെന്നും മന്ത്രാലയം വ്യക്തമാക്കി. വിശ്വാസികൾക്ക് ഒരുമിച്ച് ചേർന്ന് കൊണ്ട് സുരക്ഷിതമായി പ്രാർത്ഥനകൾ നിർവഹിക്കുന്നതിനുള്ള സാഹചര്യം വന്നെത്തിയെന്ന് അധികൃതർക്ക് ബോധ്യമാകുന്ന ഘട്ടത്തിൽ രാജ്യത്തെ പള്ളികൾ ഉൾപ്പടെയുള്ള ആരാധനാലയങ്ങൾ തുറക്കുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.