ദുബായ് എയർപോർട്ടിലൂടെ യാത്ര ചെയ്യുന്നവർക്ക് സ്വയം ചെക്ക്-ഇൻ ചെയ്യുന്നതിനും, ബാഗേജുകൾ നൽകുന്നതിനുമുള്ള സംവിധാനം എമിറേറ്റ്സ് എയർലൈൻസ് ഏർപ്പെടുത്തിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3-ലാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.
ദുബായ് വിമാനത്താവളത്തിൽ നിന്ന് ഇന്ത്യ, യു എസ്, കാനഡ, ചൈന, ഹോങ്കോങ് എന്നിവിടങ്ങളിലേക്കൊഴികെ മറ്റു ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള മുഴുവൻ യാത്രികർക്കും ഈ സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്. എമിറേറ്റ്സിന്റെ നിലവിലുള്ള ചെക്ക്-ഇൻ സൗകര്യങ്ങൾക്ക് പുറമെയാണ് 16 സെൽഫ്-സർവീസ് ബാഗേജ് സംവിധാനങ്ങളും, 8 സ്വയം ചെക്ക്-ഇൻ ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുള്ളത്.
ഇത്തരം സംവിധാനത്തിലൂടെ യാത്രികർക്ക് സ്വയം ചെക്ക്-ഇൻ പൂർത്തിയാക്കാവുന്നതും, ബോർഡിങ്ങ് പാസ്സ് സ്വീകരിക്കുക, സീറ്റുകൾ തിരഞ്ഞെടുക്കുക, ബാഗേജുകൾ നൽകുക മുതലായ കാര്യങ്ങൾ നിർവഹിക്കാവുന്നതുമാണ്. യാത്രികർക്ക് ഈ സേവനങ്ങൾ ഉപയോഗിക്കുന്നതിനു സഹായങ്ങൾ ആവശ്യമായി വരുന്ന ഘട്ടത്തിൽ എമിറേറ്റ്സ് ജീവനക്കാരുടെ സേവനങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ സംവിധാനങ്ങൾ തുടരെ അണുവിമുക്തമാക്കുന്നതിനുള്ള നടപടികളും, യാത്രികർക്കായി ഹാൻഡ് സാനിറ്റൈസറുകളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വരും നാളുകളിൽ ഈ സംവിധാനത്തിൽ സ്പർശനരഹിതമായ സാങ്കേതിക വിദ്യ കൊണ്ടുവരുന്നതിനും, യാത്രികർക്ക് സ്വയം റീ-ബുക്കിംഗ് ഉൾപ്പടെയുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനും അധികൃതർ ലക്ഷ്യമിടുന്നുണ്ട്.
ദുബായ് വിമാനത്താവളത്തിലെത്തുന്ന യാത്രികരുടെ സേവനങ്ങൾക്കായുള്ള കാത്തിരിപ്പ് സമയം ഒഴിവാക്കുന്നതിനും, കൂടുതൽ മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിനുമായാണ് എമിറേറ്റ്സ് ഈ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. വരും മാസങ്ങളിൽ ഇത്തരം കൂടുതൽ സംവിധാനങ്ങൾ ഉൾപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.