സൗദി: ഉംറ തീർത്ഥാടനം ഒക്ടോബർ 4 മുതൽ; ഇതുവരെ ഒരു ലക്ഷത്തിൽ പരം ഉംറ പെർമിറ്റുകൾ അനുവദിച്ചു

Saudi Arabia

ഘട്ടം ഘട്ടമായി ഉംറ തീർത്ഥാടനം പുനരാരംഭിക്കാനുള്ള സൗദി ഹജ്ജ്, ഉംറ വകുപ്പിന്റെ തീരുമാനപ്രകാരം, തീർത്ഥാടനത്തിന്റെ ആദ്യ ഘട്ടം നാളെ (ഒക്ടോബർ 4, ഞായറാഴ്ച്ച) മുതൽ ആരംഭിക്കുന്നതാണ്. ആദ്യ ഘട്ടത്തിൽ സൗദിയിൽ നിലവിലുള്ള, 18-നും 65-നും ഇടയിൽ പ്രായമുള്ള, പൗരന്മാർക്കും, പ്രവാസികൾക്കും തീർത്ഥാടനത്തിന് അനുമതി നൽകുന്നതിനാണ് മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്.

ഇത്തവണത്തെ ഉംറ തീർത്ഥാടകർക്കുള്ള പ്രവേശനാനുമതി പൂർണ്ണമായും ‘I’tamarna’ സ്മാർട്ട്ഫോൺ ആപ്പിലൂടെയാണ് നടപ്പിലാക്കുന്നത്. തീർത്ഥാടനത്തിന്റെ ആദ്യ ഘട്ടത്തിൽ പങ്കെടുക്കുന്നതിന് ഇതുവരെ 108041 തീർത്ഥാടകർക്ക് ഉംറ പെർമിറ്റ് അനുവദിച്ചതായി സൗദി പ്രസ് ഏജൻസി ഒക്ടോബർ 2-ന് വ്യക്തമാക്കി. ഇതിൽ 42873 പെർമിറ്റുകൾ സൗദി പൗരന്മാർക്കും, 65128 പെർമിറ്റുകൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കുമാണ് അനുവദിച്ചിരിക്കുന്നത്. ഇതുവരെ ഏതാണ്ട് 3 ലക്ഷത്തോളം അപേക്ഷകളാണ് ഉംറ തീർത്ഥാടന പെർമിറ്റുകൾക്കായി മന്ത്രാലയത്തിന് ലഭിച്ചിട്ടുള്ളത്.

ഒക്ടോബർ 4 മുതൽ ആരംഭിക്കുന്ന തീർത്ഥാടനത്തിന്റെ ആദ്യ ഘട്ടത്തിൽ ദിനംപ്രതി 6000 തീർത്ഥാടകർക്കാണ് ഉംറ അനുഷ്ഠിക്കാൻ അനുമതി നൽകുന്നത്. ആദ്യ ഘട്ടം 13 ദിവസം നീണ്ട് നിൽക്കും.

ഒക്ടോബർ 18 മുതൽ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ ഏതാണ്ട് 15000 തീർത്ഥാടകർക്ക് പ്രതിദിനം അനുമതി നൽകുന്ന രീതിയിലേക്ക് സൗകര്യങ്ങൾ ഉയർത്തുന്നതാണ്. നവംബർ 1 മുതൽ രോഗസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്ക് കൂടി ഉംറ അനുഷ്ഠിക്കുന്നതിനുള്ള അനുമതി നൽകുമെന്നാണ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്.

അതേസമയം, ഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നവർ, ഒരു തീർത്ഥാടനത്തിന് ശേഷം ചുരുങ്ങിയത് 14 ദിവസങ്ങൾക്ക് ശേഷം മാത്രമേ അടുത്ത ഉംറ തീർത്ഥാടന അനുമതിക്കായി അപേക്ഷിക്കാവൂ എന്ന് മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.