ട്രാഫിക്ക് പിഴ കുടിശ്ശികകൾ വാഹനങ്ങൾ പിടിച്ചെടുക്കപ്പെടുന്നതിന് കാരണമാകാമെന്ന് അബുദാബി പോലീസ്

UAE

വാഹന പിഴതുകകളിൽ കുടിശ്ശികകൾ വരുത്തുന്നത്, വാഹനങ്ങൾ പിടിച്ചെടുക്കപ്പെടുന്നതിന് കരണമാകാമെന്ന് എമിറേറ്റിലെ വാഹന ഉടമകളെ അബുദാബി പോലീസ് ഓർമ്മപ്പെടുത്തി. അടച്ചു തീർക്കാനുള്ള പിഴതുകകൾ സംബന്ധിച്ച് ജാഗ്രത പുലർത്താൻ വാഹന ഉടമകളോട് ആവശ്യപ്പെട്ട അബുദാബി പോലീസ്, 7000 ദിർഹത്തിൽ കൂടുതൽ പിഴ കുടിശ്ശികകൾ വരുത്തുന്ന വാഹനങ്ങൾ അധികൃതർ പിടിച്ചെടുക്കുമെന്നും വ്യക്തമാക്കി.

ഇത്തരത്തിൽ പിടിച്ചെടുക്കപ്പെടുന്ന വാഹനങ്ങൾ, പിഴതുകകൾ പൂർണ്ണമായും അടച്ചു തീർക്കാതെ ഉടമകൾക്ക് തിരികെ നൽകില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. പിടിച്ചെടുക്കപ്പെട്ട വാഹനങ്ങളുടെ പിഴ തുകകൾ മൂന്ന് മാസത്തിനകം അടച്ചു തീർക്കാത്ത സാഹചര്യത്തിൽ അവ ലേലം ചെയ്യുന്നതാണ്.

പിഴ തുകകളിൽ കുടിശ്ശികകൾ വരാതെയിരിക്കുന്നതിനായി, പലിശ കൂടാതെ തവണകളായി ഒരു വർഷം കൊണ്ട് പിഴകൾ അടച്ചു തീർക്കുന്നതിനുള്ള സൗകര്യത്തെക്കുറിച്ചും അധികൃതർ ജനങ്ങളെ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. അബുദാബി കൊമ്മേർഷ്യൽ ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, മഷ്‌റഖ് ബാങ്ക്, എമിറേറ്സ് ഇസ്ലാമിക് ബാങ്ക് എന്നീ സ്ഥാപനങ്ങളിലൂടെ ഇതിനുള്ള സൗകര്യം ലഭിക്കുന്നതാണ്.