ഫ്ലെക്സിബിൾ ബുക്കിംഗ് സേവനവുമായി ഖത്തർ എയർവേസ്‌

GCC News

കൊറോണ വൈറസ് പശ്ചാത്തലത്തിൽ, ആഗോളതലത്തിൽ യാത്രമേഖലയിൽ നിലനിൽക്കുന്ന അനിശ്ചിതത്വത്തിൽ നിന്ന് യാത്രികർക്ക് ആശ്വാസം നൽകുന്നതിനായി ഫ്ലെക്സിബിൾ ബുക്കിംഗ് സേവനവുമായി ഖത്തർ എയർവേസ്. 2020 ഡിസംബർ 31 വരെയുള്ള മുഴുവൻ ബുക്കിങ്ങുകളിലും, യാത്രികന് ആവശ്യമെങ്കിൽ യാത്രാ തീയ്യതികൾ പരിധികളില്ലാതെ മാറ്റുന്നതിനും, രണ്ട് വർഷം വരെ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ മൂല്യം നിലനിർത്തുന്നതിനും ഈ പദ്ധതിയിലൂടെ ഖത്തർ എയർവേസ് സൗകര്യമൊരുക്കുന്നു.

മുൻകൂട്ടി നിശ്ചയിക്കാനാകാത്ത സാഹചര്യങ്ങളാൽ യാത്രാ പദ്ധതികൾ മാറ്റിവെക്കേണ്ടി വരുന്ന യാത്രികർക്ക് ഈ പദ്ധതി ഏറെ സഹായകരമാണ്. 2020 ഡിസംബർ 31 വരെയുള്ള ടിക്കറ്റ് ബുക്കിങ്ങുകൾക്ക് ഈ പദ്ധതി പ്രകാരം താഴെ പറയുന്ന പ്രത്യേക സൗകര്യങ്ങളാണ് ഖത്തർ എയർവേസ് വാഗ്ദാനം ചെയ്യുന്നത്:

  • ടിക്കറ്റുകളുടെ മൂല്യം രണ്ട് വർഷം വരെ നിലനിർത്താനുള്ള സൗകര്യം.
  • പരിധികളില്ലാത്ത റീ-ബുക്കിംഗ് സൗകര്യം.
  • ആവശ്യമെങ്കിൽ 10% അധിക മൂല്യത്തോടെ ടിക്കറ്റുകൾ ഭാവിയിലെ ട്രാവൽ വൗച്ചറുകളാക്കി മാറ്റുന്നതിനുള്ള സൗകര്യം.
  • തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാൽ യാത്രാ പദ്ധതികൾ ബാധിക്കപ്പെടുന്ന യാത്രികർക്ക് ആവശ്യമെങ്കിൽ യാത്രയുടെ ലക്ഷ്യസ്ഥാനം പരിധികളില്ലാതെ മാറ്റുന്നതിനുള്ള സൗകര്യം നൽകുന്നതാണ്. ഖത്തർ എയർവേസ് പ്രിവിലേജ് ക്ലബ് മെമ്പർമാർക്ക് ടിക്കറ്റിലെ ലക്ഷ്യസ്ഥാനത്തിന്റെ അതേ ഭൂഖണ്ഡത്തിലുള്ള മറ്റൊരു ലക്ഷ്യസ്ഥാനത്തിലേക്കും, മറ്റു യാത്രികർക്ക് ടിക്കറ്റിലെ ലക്ഷ്യസ്ഥാനത്തിനു 500 മൈൽ ചുറ്റളവിൽ, അതെ രാജ്യത്തു തന്നെയുള്ള മറ്റൊരു ലക്ഷ്യസ്ഥാനത്തിലേക്കുമാണ് യാത്രകൾ പുനഃക്രമീകരിക്കുന്നതിനുള്ള സൗകര്യം നൽകുന്നത്.
  • നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാൽ യാത്രാ പദ്ധതികൾ ബാധിക്കപ്പെടുന്ന യാത്രികർക്ക് ടിക്കറ്റുകൾ ഖത്തർ എയർവേസിന്റെ ‘Qmiles’-ലേക്ക് മാറ്റുന്നതിനും സൗകര്യമുണ്ട്. അതല്ലങ്കിൽ, ടിക്കറ്റ് തുക പ്രത്യേക ചാർജുകൾ ഒന്നും ഇല്ലാതെ തിരികെ ലഭിക്കുന്നതിനുള്ള സൗകര്യവും എയർലൈൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ https://www.qatarairways.com/en/travel-with-confidence.html എന്ന വിലാസത്തിൽ ലഭ്യമാണ്.