രാജ്യത്തെ COVID-19 പ്രതിരോധ നിർദ്ദേശങ്ങളിലെ വീഴ്ചകൾ കണ്ടെത്തുന്നതിനും, ഇത്തരം ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുന്നതിനുമായി യു എ ഇയിലെ ഓരോ എമിറേറ്റിലേക്കുമായി നിയുക്ത സംഘങ്ങളെ നിയോഗിച്ചതായി അധികൃതർ അറിയിച്ചു. ഒക്ടോബർ 4, ഞായറാഴ്ച്ച നടന്ന കൊറോണ വൈറസ് അവലോകന പത്രസമ്മേളനത്തിലാണ് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) വക്താവ് ഡോ. സൈഫ് അൽ ദഹരി ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തരം പരിശോധനകൾക്ക് നേതൃത്വം നൽകുന്നതിനായി ഓരോ എമിറേറ്റിന്റെയും ചുമതലയുള്ള ഏഴു പ്രത്യേക സംഘങ്ങൾക്ക് രൂപം നൽകിയതായും, ഇവർ എമിറേറ്റുകളിലുടനീളം പ്രത്യേകമായി തയ്യാറാക്കിയ നിരീക്ഷണ, പരിശോധനാ നടപടികൾ നടപ്പിലാക്കുമെന്നും ഡോ. സൈഫ് അൽ ദഹരി അറിയിച്ചു.
പ്രാദേശിക തലത്തിൽ പരിശോധനാ നടപടികളും, പ്രചാരണ പരിപാടികളും ശക്തിപ്പെടുത്തുന്നതിനായുള്ള നടപടികൾ ബന്ധപ്പെട്ട അധികൃതർ ആരംഭിച്ചതായും, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാത്ത വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്കെതിരായുള്ള നിയമനടപടികൾ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ എമിറേറ്റുകളിലും പോലീസ്, മുൻസിപ്പാലിറ്റികൾ, വാണിജ്യ വികസന വകുപ്പുകൾ, മറ്റു അനുബന്ധ വകുപ്പുകൾ എന്നിവയുടെ നേതൃത്വത്തിലാണ് ഈ പരിശോധനാ നടപടികൾ പുരോഗമിക്കുന്നത്. പോലീസ് വകുപ്പുകളുടെ പരിശോധനകളിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയതെന്നും അദ്ദേഹം അറിയിച്ചു.