സൗദി അറേബ്യ: 5 റിയാലിന്റെ പുതിയ പോളിമർ കറൻസി നോട്ടുകൾ പുറത്തിറക്കി

GCC News

സൗദി അറേബ്യയിൽ അഞ്ച് റിയാലിന്റെ പുതിയ പോളിമർ ബാങ്ക്നോട്ടുകൾ ഒക്ടോബർ 5, തിങ്കളാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് സൗദി അറേബ്യൻ മോനിറ്ററി അതോറിറ്റി (SAMA) അറിയിച്ചു. ഒക്ടോബർ 4-നാണ് SAMA ഇക്കാര്യം അറിയിച്ചത്.

നിരവധി സുരക്ഷാ മുൻകരുതലുകൾ ഉൾപ്പെടുത്തിയാണ് പോളിമർ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ഈ ബാങ്ക് നോട്ടുകൾ രാജ്യത്ത് പ്രചാരത്തിൽ കൊണ്ടുവരുന്നതെന്ന് SAMA വ്യക്തമാക്കി. അനേകം സുരക്ഷാ സാങ്കേതികവിദ്യകൾക്കൊപ്പം, പരിസ്ഥിതി സൗഹാര്‍ദ്ദപരമായ രീതിയിലുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് ഈ കറൻസി നോട്ടുകൾ നിർമ്മിച്ചിട്ടുള്ളതെന്നും SAMA കൂട്ടിച്ചേർത്തു.

ഉയർന്ന താപം, നനവ് എന്നിവയാലും, നിരവധി തവണ മടക്കുന്നതിലൂടെയും കേടാകാത്തതും, കീറിപോകാത്തതുമായ തരത്തിലാണ് പുതിയ നോട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. പോളിമറിൽ നിർമ്മിച്ചിട്ടുള്ളതിനാൽ ചളി, പൊടി എന്നിവയിൽ നിന്നും ഈ കറൻസികൾക്ക് സംരക്ഷണം ലഭിക്കുന്നതാണ്. സൗദിയിൽ ഉത്പാദിപ്പിക്കുന്ന പെട്രോകെമിക്കൽ വസ്തുക്കളിൽ നിന്നാണ് ഈ കറൻസികൾ നിർമ്മിക്കുന്നതിനുള്ള പോളിമർ ലഭ്യമാക്കിയതെന്നും SAMA അറിയിച്ചിട്ടുണ്ട്.

ഒക്ടോബർ 5 മുതൽ ഈ പുതിയ കറൻസി നോട്ടുകൾ പ്രാബല്യത്തിൽ വരുന്നതാണ്. നിലവിലുള്ള അഞ്ച് റിയാൽ നോട്ടുകൾ പിൻവലിക്കുന്നതല്ല എന്നും, SAMA വ്യക്തമാക്കിയിട്ടുണ്ട്. പുതിയ കറൻസി നോട്ടിന്റെ ഒരു വശത്ത് സൽമാൻ രാജാവിന്റെ ചിത്രവും, മറു വശത്ത് കാട്ടുപൂക്കളുടെ ചിത്രവുമാണ് ആലേഖനം ചെയ്തിട്ടുള്ളത്.