ഒമാൻ: COVID-19 രോഗബാധിതർക്കായി ഫീൽഡ് ഹോസ്പിറ്റൽ തുറന്നു

Oman

COVID-19 രോഗബാധിതരുടെ ചികിത്സകൾക്കായുള്ള ഫീൽഡ് ഹോസ്പിറ്റലിന്റെ ആദ്യ ഘട്ടം ഒക്ടോബർ 5, തിങ്കളാഴ്ച്ച മുതൽ പ്രവർത്തനമാരംഭിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഓൾഡ് മസ്കറ്റ് എയർപോർട്ട് പരിസരത്താണ് ഈ ഫീൽഡ് ഹോസ്പിറ്റൽ ആരംഭിച്ചിട്ടുള്ളത്.

ഫീൽഡ് ഹോസ്പിറ്റലിന്റെ ആദ്യ ഘട്ടത്തിന്റെ ഉദ്‌ഘാടനം മസ്കറ്റ് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ-ബുസൈദി നിർവ്വഹിച്ചു. ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ-സൈദി, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. രാജ്യത്ത് COVID-19 രോഗബാധിതരുടെയും, രോഗബാധയെത്തുടർന്നുള്ള മരണങ്ങളുടെയും സംഖ്യ ഉയരുന്ന സാഹചര്യത്തിലാണ്, വൈറസ് ബാധിതർക്ക് ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളോടും കൂടിയുള്ള ഈ ഫീൽഡ് ഹോസ്പിറ്റൽ തുറന്നിട്ടുള്ളത്.

“മസ്കറ്റ് ഗവർണറേറ്റിലെ മറ്റു ആശുപത്രികളിലെ COVID-19 രോഗബാധിതരുടെ തിരക്ക് കുറക്കുന്നതിന് ഈ ഫീൽഡ് ഹോസ്പിറ്റൽ സഹായകമാകും.”, ഫീൽഡ് ഹോസ്പിറ്റൽ ഉദ്‌ഘാടനം ചെയ്ത് കൊണ്ട് അൽ-ബുസൈദി അറിയിച്ചു. ആദ്യ ഘട്ടത്തിൽ ഈ ചികിത്സാ കേന്ദ്രത്തിൽ, ഒരേ സമയം 100 രോഗബാധിതർക്ക് ആവശ്യമായ ചികിത്സകൾ നൽകുന്നതാണ്. ഇത് അടുത്ത ഘട്ടത്തിൽ 300-ൽ പരം രോഗബാധിതർക്ക് ചികിത്സ നൽകുന്ന രീതിയിലേക്ക് ഉയർത്തുന്നതാണ്.

Cover Photo: Oman News Agency.