ഖത്തർ: രാജ്യത്തെ COVID-19 സാഹചര്യത്തിൽ നിലവിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്‌ധർ

GCC News

രാജ്യത്തെ കൊറോണ വൈറസ് സാഹചര്യം നിലവിൽ സന്തുലിതാവസ്ഥ കൈവരിച്ചതായും, മറ്റു രാജ്യങ്ങളിൽ സംഭവിക്കുന്നത് പോലുള്ള വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ഖത്തറിൽ പ്രകടമല്ലെന്നും ദേശീയ പകർച്ചവ്യാധി പ്രതിരോധ കമ്മിറ്റി ചെയർമാൻ ഡോ. അബ്ദുല്ലത്തീഫ്‌ അൽ ഖാൽ അഭിപ്രായപ്പെട്ടു. ഒരു പൊതു സെമിനാറിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ആഴ്ചയിൽ രോഗബാധിതരുടെ എണ്ണത്തിൽ 15 ശതമാനത്തോളം കുറവ് രേഖപെടുത്തിയതായും അദ്ദേഹം അറിയിച്ചു. മെയ്, ജൂൺ മാസങ്ങളിൽ രോഗബാധയിൽ വലിയ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഈദ് ആഘോഷങ്ങൾക്ക് ശേഷവും രോഗ വ്യാപനത്തിന്റെ തോതിൽ വർധനവ് രേഖപെടുത്തുകയുണ്ടായി.

രാജ്യത്തെ നിവാസികളുടെയും, പൗരന്മാരുടെയും ഭാഗത്ത് നിന്നുണ്ടായ പ്രതിരോധ നിർദ്ദേശങ്ങൾ മറികടന്നുള്ള സാമൂഹിക ഒത്തുചേരലുകളും, ആഘോഷങ്ങളും ഇത്തരം വർധനവിന് കാരണമായി. എന്നാൽ നിലവിൽ ഇത്തരം പ്രവണതകൾ രാജ്യത്ത് വളരെയധികം കുറഞ്ഞതായി അൽ ഖാൽ അറിയിച്ചു.

മികച്ച രോഗപ്രതിരോധ നടപടികൾ, സുരക്ഷാ നിർദ്ദേശങ്ങൾ എന്നിവ ഖത്തറിലെ രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ രാജ്യത്തെ കൊറോണ വൈറസ് സാഹചര്യം നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം അറിയിച്ചു.