ഞായറാഴ്ച്ച മുതൽ രാജ്യത്ത് തിരികെ ഏർപ്പെടുത്തുന്ന രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതു ഗതാഗത സേവനങ്ങളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തിയതായി മുവാസലാത്ത് അറിയിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബർ 11 മുതൽ ഒക്ടോബർ 24 വരെ, മസ്‌കറ്റിൽ നിന്നുള്ള ഇന്റർസിറ്റി/ സിറ്റി ബസ് സർവീസുകളുടെയും, ഫെറി സർവീസുകളുടെയും ദിനംപ്രതിയുള്ള പ്രവർത്തന സമയം യാത്ര നിയന്ത്രണങ്ങൾ പാലിക്കുന്നതിനായി വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഒക്ടോബർ 9-ന് രാത്രിയാണ് മുവാസലാത്ത് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
പുതിയ സമയക്രമമനുസരിച്ച്, യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന കാലയളവിൽ ദിനം തോറും ബസ് സർവീസുകളുടെ അവസാനത്തെ ട്രിപ്പ് അവയുടെ ലക്ഷ്യസ്ഥാനത്ത് വൈകീട്ട് 6 മണിയോടെ എത്തുന്ന രീതിയിൽ പുനഃക്രമീകരിക്കുന്നതാണ്. ഫെറി സേവനങ്ങളും വൈകീട്ട് 6 മണിയോടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരുന്ന രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്.
ഒക്ടോബർ 11, ഞായറാഴ്ച്ച മുതൽ ഒക്ടോബർ 24 വരെയുള്ള കാലയളവിൽ, രാജ്യത്ത് രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഒക്ടോബർ 11 മുതൽ രണ്ടാഴ്ച്ചത്തേക്ക്, രാത്രി 8 മണി മുതൽ പുലർച്ചെ 5 വരെയാണ് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.