അബുദാബി: ജനസാന്ദ്രതയേറിയ ഇടങ്ങളിൽ COVID-19 പരിശോധനകൾ പുരോഗമിക്കുന്നു

GCC News

എമിറേറ്റിലുടനീളം, ജനസാന്ദ്രതയേറിയ ഇടങ്ങളിലെ നിവാസികൾക്കിടയിൽ നടപ്പിലാക്കുന്ന COVID-19 ടെസ്റ്റിംഗ് പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുന്നതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. നാഷണൽ സ്‌ക്രീനിങ്ങ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഈ കൊറോണ വൈറസ് പരിശോധനകൾ അബുദാബി ഹെൽത്ത് ഡിപാർട്മെന്റ്, അബുദാബി പോലീസ്, അബുദാബി ഹെൽത്ത് സർവീസസ് കമ്പനി, മറ്റു സന്നദ്ധപ്രവർത്തകർ എന്നിവർ സംയുക്തമായാണ് നടപ്പിലാക്കുന്നത്.

തീവ്രമായ COVID-19 ടെസ്റ്റിംഗ് നടപടികളിലൂടെ, രോഗബാധ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്നതിനും, അതിലൂടെ രോഗവ്യാപനം തടയുന്നതിനും ലക്ഷ്യമിട്ടാണ് ഷക്ക്ബൗട്ട് സിറ്റി പോലുള്ള അബുദാബിയിലെ ജനസാന്ദ്രതയേറിയ ഇടങ്ങളിലെ നിവാസികൾക്കിടയിൽ ഇത്തരം പരിശോധനാ പരിപാടികൾ നടപ്പിലാക്കുന്നത്.

“ഇതുവരെ COVID-19 പരിശോധനകൾ നടത്താത്തവരിലേക്ക് ഏറ്റവും വേഗത്തിൽ ടെസ്റ്റിംഗ് സേവനങ്ങൾ എത്തിക്കുന്നതിനായാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. പരമാവധി ആളുകളെ പരിശോധനകൾക്ക് വിധേയരാക്കുന്നത് രോഗബാധ വ്യാപിക്കുന്നത് കണ്ടെത്തി തടയാൻ സഹായകമാണ്. ജനസാന്ദ്രതയേറിയ ഇടങ്ങളിലെ പരിശോധനകൾക്ക് മേൽനോട്ടം വഹിക്കുകയും, ആവശ്യമായ സഹായങ്ങൾ നൽകുകയുമാണ് ഞങ്ങൾ ചെയ്യുന്നത്.”, ഫീൽഡ് കമാണ്ടർ ക്യാപ്റ്റൻ ഡോ. ഐഷ അൽമാരി വ്യക്തമാക്കി.