നിലവിൽ രാജ്യത്തിന് പുറത്തുള്ള, വിസ കാലാവധി അവസാനിച്ച പ്രവാസി തൊഴിലാളികൾക്ക് ഒമാനിലേക്ക് തിരികെ എത്തുന്നതിന് അനുവാദമില്ലെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി. ROP ഡയറക്ടർ ജനറൽ ഓഫ് ഓപ്പറേഷൻസ് ബ്രിഗേഡിയർ സൈദ് അൽ അസ്മിയാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 15, വ്യാഴാഴ്ച്ച ഉച്ചയ്ക്ക് നടന്ന സുപ്രീം കമ്മിറ്റി പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇത് സംബന്ധിച്ച് വ്യക്തത നൽകിയത്.
സാധുതയുള്ള റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്ക് മാത്രമാണ് നിലവിൽ ഒമാനിലേക്ക് തിരികെയെത്താൻ സുപ്രീം കമ്മിറ്റി അനുവാദം നൽകിയിരിക്കുന്നത്. ഇത്തരക്കാർക്ക് ഒക്ടോബർ 1 മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
പുതിയ വിസകൾ അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങൾ ഒന്നും നിലവിൽ എടുത്തിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണ വൈറസ് പശ്ചാത്തലത്തിൽ പുതിയ വിസകൾക്ക് ഏർപ്പെടുത്തിയ താത്കാലിക വിലക്ക് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.