ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 മുൻകരുതൽ നടപടികളിൽ വീഴ്ച്ച വരുത്തിയ 9 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു. ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ചവരുത്തിയ ഇവർക്കെതിരെ കോടതി ശിക്ഷാ നടപടികൾ കൈക്കൊണ്ട ശേഷമാണ് പ്രോസിക്യൂഷൻ ഇവരുടെ പേരും, മറ്റു വിവരങ്ങളും പങ്ക് വെച്ചത്.
ഒമാനിലെ യാത്രാ നിയന്ത്രണങ്ങൾ ലംഘിച്ചതിനാണ് ഇവരെ പോലീസ് അറസ്റ് ചെയ്‌തതെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു. തുടർന്ന് നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷൻ കോടതികളിലേക്ക് ഇവരുടെ കേസുകൾ കൈമാറുകയായിരുന്നു. അൽ ബുറൈമി, സൗത്ത് അൽ ഷർഖിയ ഗവർണറേറ്റുകളിലെ കോടതികളാണ് ഈ നിയമ ലംഘകർക്ക് ശിക്ഷ വിധിച്ചത്.
ഇതിൽ ബുറൈമിയിൽ പിടിയിലായ ഒമാൻ പൗരന് 1000 റിയാൽ പിഴയും, 6 മാസത്തെ തടവും വിധിച്ചിട്ടുണ്ട്. അൽ ഷർഖിയയിൽ പിടിയിലായ 8 പ്രവാസികൾക്ക് 500 റിയാൽ വീതം പിഴ ചുമത്തിയിട്ടുണ്ട്. ഇതിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ രണ്ട് പേരെ നാട് കടത്താൻ തീരുമാനിച്ചതായാണ് സൂചന.
കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരുടെ പേര്, ഫോട്ടോ മുതലായ വിവരങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ പുറത്ത് വിടുമെന്ന് റോയൽ ഒമാൻ പോലീസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം ലംഘനങ്ങൾ നടത്തുന്നവരെ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവരുന്നതിനായാണ് ഈ നടപടി.