ദുബായ്: സാമൂഹിക സംഗമങ്ങൾ, ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച് മുൻകരുതൽ നിർദ്ദേശങ്ങൾ പുറത്തിറക്കി

GCC News

സാമൂഹിക സംഗമങ്ങൾ, ആഘോഷങ്ങൾ മുതലായവയുമായി ബന്ധപ്പെട്ട് ജനങ്ങൾ പുലർത്തേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അറിയിപ്പ് പുറത്തിറക്കി. ഒക്ടോബർ 28, ബുധനാഴ്ച്ചയാണ് കമ്മിറ്റി ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

വരും ദിനങ്ങളിൽ നടക്കാനിരിക്കുന്ന ഹാലോവീൻ, ദീപാവലി മുതലായ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്മിറ്റി ഇത്തരം ഒരു മുൻകരുതൽ നിർദ്ദേശം നൽകിയത്. കമ്മിറ്റി നൽകിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുസമൂഹത്തോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

  • സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം മുതലായ സുരക്ഷാ നിർദ്ദേശങ്ങളിൽ ഒരു കാരണവശാലും വീഴ്ച്ചകൾ വരുത്തരുത്. തിരക്കേറിയ ഇടങ്ങൾ ഒഴിവാക്കേണ്ടതാണ്.
  • പ്രായമായവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നിവർ കഴിയുന്നതും എല്ലാ സാമൂഹിക ചടങ്ങുകളിൽ നിന്നും വിട്ടുനിൽക്കേണ്ടതാണ്.
  • ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നവർ, ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർ എന്നിവർ മുഴുവൻ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും പാലിക്കേണ്ടതാണ്. ഇതിൽ വരുത്തുന്ന വീഴ്ച്ചകൾക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ ഉണ്ടാകുന്നതാണ്.

പൊതുസമൂഹത്തിന്റെ ആരോഗ്യ സുരക്ഷ, സംരക്ഷണം എന്നിവ പരമ പ്രധാനമാണെന്ന് കമ്മിറ്റി ജനങ്ങളെ ഓർമ്മപ്പെടുത്തിയിട്ടുണ്ട്.