തുറന്ന മ്യൂസിയം എന്ന് വിശേഷിപ്പിക്കാവുന്ന അൽ ഉല മേഖലയിലെ ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ, ഏതാനം പൈതൃക ഇടങ്ങൾ പൊതുജനങ്ങൾക്കായി ഔദ്യോഗികമായി തുറന്നു കൊടുത്തു. വരും ദിനങ്ങളിൽ അൽ ഉലയിൽ എത്തുന്ന സന്ദർശകർക്കായി ഒരുക്കിയിട്ടുള്ള കാഴ്ച്ചകളും, അനുഭവങ്ങളും സംബന്ധിച്ച് റോയൽ കമ്മീഷൻ ഫോർ അൽ ഉല (RCU) അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. മേഖലയിലേക്കുള്ള സന്ദർശകർക്കുള്ള ബുക്കിംഗ് സംവിധാനവും ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ചരിത്രപരമായും, സാംസ്‌കാരികപരമായും ഏറെ പ്രാധാന്യം അർഹിക്കുന്ന, വടക്ക് പടിഞ്ഞാറൻ സൗദിയിലെ അൽ ഉല ഒക്ടോബർ 31 മുതൽ വീണ്ടും സന്ദർശകരെ സ്വീകരിക്കുമെന്ന് RCU നേരത്തെ അറിയിച്ചിരുന്നു. UNESCO പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ള ഹെഗ്ര, പുരാതന നഗരിയായ ദദാൻ, ജബൽ ഇക്മാഹ് മലയിടുക്ക് എന്നീ മേഖലകളാണ് അൽ-ഉലയിൽ ആദ്യ ഘട്ടത്തിൽ സഞ്ചാരികൾക്കായി വീണ്ടും തുറക്കുന്നത്. മേഖലയിലെ ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 30, 31 തീയ്യതികളിൽ അൽ ഉല നിവാസികൾക്ക് ഈ പൈതൃക ഇടങ്ങൾ സൗജന്യമായി സന്ദർശിക്കാൻ RCU തുറന്ന് കൊടുത്തിട്ടുണ്ട്.
ഒക്ടോബർ 31 മുതൽ മറ്റിടങ്ങളിൽ നിന്ന് എത്തുന്ന സന്ദർശകർക്കുള്ള ബുക്കിംഗ് സംവിധാനം https://experiencealula.com/en എന്ന വിലാസത്തിൽ RCU ആരംഭിച്ചിട്ടുണ്ട്. ഡിസംബർ മാസം മുതൽ സന്ദർശകർക്ക് പുരാവസ്തുശാസ്ത്ര സംബന്ധിയായി നൽകുന്ന പ്രത്യേക പരിപാടികളും RCU ഒരുക്കുന്നുണ്ട്. ഡിസംബർ മുതൽ അൽ ഉല ഓൾഡ് ടൌൺ മേഖലയിലേക്കും സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ചരിത്രമുറങ്ങുന്ന ദൃശ്യാനുഭവങ്ങൾക്ക് പുറമെ സാഹസികത ഇഷ്ടപ്പെടുന്നവർക്കുള്ള വിവിധ കായികവിനോദങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
സന്ദർശകരെ സ്വീകരിക്കുന്നതിനായി മികച്ച സൗകര്യങ്ങളാണ് അൽ ഉലയിൽ ഒരുക്കിയിരിക്കുന്നത്. പുതുക്കിയ വിമാനത്താവളം, യാത്രാ സൗകര്യങ്ങൾ, സന്ദർശകർക്കുള്ള സേവനങ്ങൾക്കായി രണ്ട് കേന്ദ്രങ്ങൾ എന്നിവ സഞ്ചാരികൾക്കായി RCU തയ്യാറാക്കിയിട്ടുണ്ട്. ഈ മേഖലയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി അൽ ഉല വിമാനത്താവളത്തിന്റെ രണ്ടാം ഘട്ട വികസനപ്രവർത്തങ്ങൾ ഈ വർഷം ജൂലൈയിൽ പൂർത്തിയാക്കിയിരുന്നു.
സന്ദർശകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ:
- പ്രവേശനം മുൻകൂർ ബുക്കിംഗ് വഴി മാത്രമാണ് അനുവദിക്കുന്നത്.
- സന്ദർശകരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതാണ്.
- സമൂഹ അകലം ഉറപ്പാക്കുന്നതിനായി ഓരോ മേഖലയിലേക്കും ഒരേ സമയം പ്രവേശനാനുവാദം നൽകുന്ന സഞ്ചാരികളുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
- കർശനമായ ശുചീകരണ, അണുനശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതാണ്.
- സന്ദർശകർക്ക് മുഴുവൻ സമയവും മാസ്കുകൾ നിർബന്ധമാണ്.
Photo: @ExperienceAlUla