യു എ ഇ: വീണ്ടും ഉപയോഗിക്കാവുന്ന പുതിയ മാസ്കുകൾ നിർമ്മിക്കുന്നതിനുള്ള ഗവേഷണം പുരോഗമിക്കുന്നതായി ഖലീഫ യൂണിവേഴ്സിറ്റി

GCC News

പുനരുപയോഗിക്കാൻ കഴിയുന്ന 3D പ്രിന്റഡ് മാസ്കുകൾ രൂപകൽപന ചെയ്യുന്ന നടപടികളും, ഗവേഷണവും പുരോഗമിക്കുന്നതായി ഖലീഫ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി പ്രഖ്യാപിച്ചു. ഖലീഫ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഏറോസ്പേസ് റിസർച്ച് ആൻഡ് ഇന്നൊവേഷൻ സെന്ററിലെ (ARIC) ഒരു സംഘം ഗവേഷകരാണ് 3D പ്രിന്റിങ്ങ് സാങ്കേതികവിദ്യയിൽ ഇത്തരം മാസ്കുകൾക്ക് രൂപം നൽകുന്നതിനുള്ള ഗവേഷണങ്ങൾ നടത്തുന്നത്.

ഇത്തരത്തിൽ നിർമ്മിക്കുന്ന മാസ്കുകൾ N95 മാസ്കുകൾക്ക് പകരം ഉപയോഗിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കൊറോണ വൈറസ് മഹാമാരിയുടേത് പോലുള്ള സാഹചര്യങ്ങളിൽ N95 മാസ്കുകൾക്ക് അനുഭവപ്പെട്ടിരുന്ന ക്ഷാമം, ഇത്തരം പ്രിന്റഡ് മാസ്കുകളിലൂടെ പരിഹരിക്കാമെന്നും ഗവേഷകർ ശുഭാപ്തിവിശ്വാസം പ്രകടമാക്കുന്നു.

നിലവിൽ ഈ മാസ്കിന്റെ ഫിൽറ്ററിങ്ങ് സംവിധാനം, അതിന്റെ പ്രവർത്തനം, അയവ്, രൂപം, മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന രീതി ഉറപ്പാക്കൽ, വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിനുള്ള സാധ്യതകൾ തുടങ്ങിയ വിവിധ ഘടകങ്ങൾ ഗവേഷകർ ആസൂത്രണം ചെയ്തു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി. മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കാൻ അംഗീകാരമുള്ള വസ്തുക്കളാണ് ഈ മാസ്കിന്റെ വിവിധ ഘടകങ്ങൾ തയ്യാറാക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നത്.

ഈ മാസ്കിന്റെ ഒരു മാതൃക പ്രിന്റ് ചെയ്തെടുത്തതായി ഗവേഷകർ അറിയിച്ചു. ഇതിന്റെ ഗുണനിലവാരം കണക്കാക്കുന്നതിനുള്ള വിവിധ പരിശോധനകൾ നടത്തിയ ശേഷം, ഇത് വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിനുള്ള അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതാണ്.