COVID-19 രോഗമുക്തി നേടിയവർക്കും, ക്ലിനിക്കൽ ട്രയൽ നടന്നുകൊണ്ടിരിക്കുന്ന വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്കും കൊറോണ വൈറസ് രോഗബാധയേൽക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് യു എ ഇ സർക്കാർ വക്താവ് ഡോ. ഒമർ അൽ ഹമ്മാദി അറിയിച്ചു. നവംബർ 3-ന് നടന്ന കൊറോണ വൈറസ് വിശകലന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കൊറോണ വൈറസ് രോഗബാധയിൽ നിന്ന് സുഖംപ്രാപിക്കുന്നവരിലും, വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നവരിലും പ്രകടമാകുന്ന ആന്റിബോഡികളുടെ ജീവിത കാലയളവിൽ വ്യത്യാസം ഉണ്ടാകാനുള്ള സാധ്യതയുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു. ചില തരത്തിലുള്ള ആന്റിബോഡികൾ ജീവിതകാലം മുഴുവൻ നിലനിൽക്കാമെന്നും, മറ്റു ചില തരത്തിലുള്ളവ രോഗബാധ സുഖമായശേഷം ഏതാനം നാളുകൾ മാത്രം നീണ്ടു നിൽക്കുന്നവയാകാമെന്നും അദ്ദേഹം വ്യക്തമാക്കി.
വൈറസുകളുടെ ജനിതകഘടനയിൽ പ്രകടമാകുന്ന വ്യതിയാനങ്ങൾ രോഗപ്രതിരോധ ശേഷിയെ ബാധിക്കാമെന്നും അദ്ദേഹം അറിയിച്ചു. ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആന്റിബോഡികളുടെ സാന്നിധ്യം അഞ്ച് മുതൽ ഏഴു മാസം വരെ നീണ്ടുനിൽക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ചിലരിൽ ഈ കാലാവധി കൂടുതൽ കാലം നിലനിൽക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ COVID-19 പരിശോധനകൾ നടത്തണമെന്ന് അദ്ദേഹം ആവർത്തിച്ചു. സാധാരണ ജലദോഷത്തിന്റെയും കൊറോണ വൈറസ് ബാധയുടെയും ലക്ഷണങ്ങളിൽ സാമ്യമുള്ളതിനാൽ COVID-19 രോഗബാധയുണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനകൾ നടത്തുന്നതാണ് അഭികാമ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് കൂടുതൽ പരിചരണങ്ങൾ നൽകുന്നതിനും, വൈറസ് ബാധയുടെ തീവ്രതയ്ക്കനുസരിച്ച ചികിത്സ ഉറപ്പാക്കുന്നതിനും രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ ആരോഗ്യ പരിശോധനകൾക്ക് വിധേയരാകേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.