ഖത്തർ: ഇന്ത്യയിൽ നിന്ന് ദോഹയിലേക്ക് നവംബർ 19 മുതൽ വിസ്താര വിമാന സർവീസുകൾ പ്രഖ്യാപിച്ചു

GCC News

നവംബർ 19 മുതൽ ഇന്ത്യയിൽ നിന്ന് ദോഹയിലേക്കും, തിരികെയും വിമാന സർവീസുകൾ നടത്തുമെന്ന് ഇന്ത്യൻ വിമാനക്കമ്പനിയായ വിസ്താര അറിയിച്ചു. ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡ്, സിംഗപ്പൂർ എയർലൈൻസ് എന്നിവരുടെ സംയുക്ത സംരംഭമാണ് വിസ്താര.

ഡൽഹിയിൽ നിന്ന് ദോഹയിലേക്കും, തിരികെയുമാണ് നവംബർ 19 മുതൽ വിസ്താര നിലവിൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. നവംബർ 19 മുതൽ ഡിസംബർ 31 വരെയാണ് വിസ്താര സർവീസുകൾ നടത്തുന്നതെന്നാണ് അറിയിച്ചിട്ടുള്ളത്.

  • ഡൽഹി – ദോഹ : വ്യാഴം, ഞായർ ദിനങ്ങളിൽ (രാത്രി 8 മണിക്ക് ഡൽഹിയിൽ നിന്ന്)
  • ദോഹ – ഡൽഹി : വ്യാഴം, ഞായർ ദിനങ്ങളിൽ (രാത്രി 10:45-ന് ദോഹയിൽ നിന്ന്)

ടിക്കറ്റ് ബുക്കിംഗ് വിസ്താരയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഖത്തറിൽ നിന്നുള്ള പ്രത്യേക എൻട്രി പെർമിറ്റ് ലഭിച്ചിട്ടുള്ളവർക്കാണ് ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യാൻ കഴിയുക.

ഇന്ത്യ – ഖത്തർ എയർ ബബിൾ കരാർ പ്രകാരമുള്ള വിമാനങ്ങളാണ് നിലവിൽ ഇരുരാജ്യങ്ങൾക്കിടയിൽ സർവീസുകൾ നടത്തുന്നത്. ഈ കരാറിന് ഡിസംബർ 31 വരെ സാധുതയുണ്ട്.

Photo: @airvistara