ഒമാനിലെ COVID-19 രോഗവ്യാപനത്തോത് നിർണ്ണയിക്കുന്നതിനുള്ള ദേശീയ പരിശോധനാ സർവേയുടെ ആദ്യ മൂന്ന് ഘട്ടങ്ങൾ പൂർത്തിയായതായും, നാലാമത്തെയും, അവസാനത്തെയും ഘട്ടം നവംബർ 8, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യവ്യാപകമായി നടത്തുന്ന ഈ സർവേയുടെ ആദ്യ ഘട്ടം ജൂലൈ 12-നും, രണ്ടാം ഘട്ടം ഓഗസ്റ്റ് 16-നും, മൂന്നാം ഘട്ടം സെപ്റ്റംബർ 27-നും ആരംഭിച്ചിരുന്നു.
രാജ്യത്തെ വിവിധ പ്രായവിഭാഗങ്ങളിലുള്ളവരുടെ ഇടയിലെ രോഗവ്യാപനത്തിന്റെ തോത് അറിയുന്നതിനും, രാജ്യത്തെ COVID-19 രോഗത്തിന്റെ വ്യാപനത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നതിനുമാണ് നാല് ഘട്ടങ്ങളിലായി നടത്തുന്ന ഈ സർവേയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യ മൂന്ന് ഘട്ടങ്ങളിലും ജനങ്ങൾക്കിടയിൽ ദേശീയ സർവേയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ സാധിച്ചതായും, ഈ നടപടിയോട് സമൂഹം മികച്ച രീതിയിൽ പ്രതികരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
ഒമാനിലെ വിവിധ ഗവർണറേറ്റുകളിലെ ജനങ്ങൾക്കിടയിലെ രോഗവ്യാപനം മനസ്സിലാക്കുന്നതിനും, രോഗലക്ഷണങ്ങൾ പ്രകടമാക്കാത്തവരിലെ രോഗനിരക്ക് പഠനവിധേയമാക്കുന്നതിനും ഈ വിവരശേഖരണം സഹായകമായതായും മന്ത്രാലയം അറിയിച്ചു. ഈ സർവേയുടെ അവസാനഘട്ടത്തിലും ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള മികച്ച സഹകരണം പ്രതീക്ഷിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി. ഓരോ വ്യക്തികളുടെയും, മുഴുവൻ സമൂഹത്തിന്റെയും സംരക്ഷണം ഉറപ്പാക്കുന്നതിനായുള്ള ഈ വിവരശേഖരണ പരിപാടിയിൽ പങ്കാളികളാകാൻ ജനങ്ങളോട് മന്ത്രാലയം ആഹ്വാനം ചെയ്തു.
നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ നൽകുന്ന, ഓരോ ഗവർണറേറ്റുമായി ബന്ധപ്പെട്ട ജനസംഖ്യാ വിവരങ്ങളിൽ നിന്ന്, ക്രമരഹിതമായി തിരഞ്ഞെടുക്കുന്നവരുടെ വിവരങ്ങളും, സാമ്പിളുകളുമാണ് സർവേയുടെ ഭാഗമായി ശേഖരിക്കുന്നത്. സർവേയിൽ പങ്കെടുക്കാത്തവർക്ക് നിയമനടപടികളൊന്നും നേരിടേണ്ടി വരില്ലെന്ന് മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
സർവേയിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കുന്നവരെ ആരോഗ്യ മന്ത്രാലയം SMS വഴി അറിയിക്കുന്നതാണ്. ഇതിനു ശേഷം മന്ത്രാലയത്തിൽ നിന്ന് നേരിട്ട് ഇവരെ ഫോണിലൂടെ ബന്ധപ്പെടുന്നതാണ്. സർവേയുടെ ഭാഗമാകാൻ സമ്മതം അറിയിക്കുന്നവർക്ക്, അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്നതിനു നിർദ്ദേശം നൽകുകയും, അവിടെ വെച്ച് വിവര ശേഖരണവും, സാമ്പിൾ ശേഖരണവും നടത്തുന്നതാണെന്നും മന്ത്രാലയം അറിയിച്ചു. സാമ്പിൾ ശേഖരിച്ച ശേഷം സർവേയിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക ഐസൊലേഷൻ ആവശ്യമില്ലെന്നും, ട്രാക്കിംഗ് ബ്രേസ്ലെറ്റ് പോലെയുള്ള നിരീക്ഷണ ഉപകരണങ്ങൾ ഇവരിൽ ഉപയോഗിക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
4 ഘട്ടങ്ങളായി നടപ്പിലാക്കുന്ന ഈ സർവേയിൽ ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും, വിലായത്തുകളിലും വിവിധ പ്രായത്തിൽപ്പെട്ടവരുടെ ഇടയിൽ ജനസംഖ്യാപരമായ വിവര ശേഖരണവും, രക്തസാമ്പിളുകളുടെ ശേഖരണവും നടപ്പിലാക്കും.5 ദിവസം വീതം നീണ്ടു നിൽക്കുന്ന ഓരോ ഘട്ടങ്ങളിലും, 5000-ത്തിൽ പരം സാമ്പിളുകളാണ് പരിശോധനകൾക്കായി ശേഖരിക്കുന്നത്. ഓരോ ഘട്ടത്തിനും ശേഷം രണ്ടാഴ്ച്ച ഇടവേളയിട്ടാണ് സർവേ നടപ്പിലാക്കുക.