ഒമാൻ: പള്ളികൾ തുറക്കുന്നത് സംബന്ധിച്ച് ഔകാഫ് മന്ത്രാലയം വ്യക്തത നൽകി; അന്തിമ തീരുമാനം സുപ്രീം കമ്മിറ്റിയുടേത്

GCC News

രാജ്യത്തെ പള്ളികൾ തുറക്കുന്നത് സംബന്ധിച്ച് വ്യക്തത നൽകുന്നതിനായി ഒമാൻ മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് അറിയിപ്പ് പുറത്തിറക്കി. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഒമാൻ സുപ്രീം കമ്മിറ്റി കൈക്കൊള്ളുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

https://twitter.com/meraoman/status/1325474891341176833

ഒമാനിലെ പള്ളികൾ തുറക്കാൻ തീരുമാനിക്കുന്ന അവസരത്തിൽ, വിശ്വാസികളുടെ സുരക്ഷയ്ക്കായി നടപ്പിലാക്കേണ്ട ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ഔകാഫ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നവംബർ 8-ന് രാത്രിയാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് ട്വിറ്ററിലൂടെ പുറത്തിറക്കിയത്.

രാജ്യത്തെ പള്ളികളിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി തയ്യാറാക്കിയിട്ടുള്ള മുൻകരുതൽ നടപടികൾ, ഒമാനിലെ സുപ്രീം കമ്മിറ്റി പള്ളികൾ തുറക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം കൈകൊണ്ട ശേഷം നടപ്പിലാക്കുന്നതാണെന്ന് ഔകാഫ് മന്ത്രാലയം അറിയിപ്പിൽ പറയുന്നു. ഒമാനിലെ പള്ളികൾ തുറക്കാൻ തീരുമാനിക്കുന്ന അവസരത്തിൽ താഴെ പറയുന്ന മുൻകരുതൽ നടപടികളാണ് ഔകാഫ് മന്ത്രാലയം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

  • ഓരോ പ്രാർത്ഥനകൾക്കും തൊട്ട് മുൻപ് മാത്രമാണ് വിശ്വാസികൾക്ക് പള്ളികൾ തുറന്ന് കൊടുക്കുക. ആകെ 15 മിനിറ്റ് മാത്രമാണ് പ്രാർഥനകൾക്കായി വിശ്വാസികൾക്ക് പള്ളികളിൽ പ്രവേശനം അനുവദിക്കുന്നത്.
  • പ്രാർത്ഥനകൾക്കായി വിശ്വാസികൾ തങ്ങളുടെ സ്വന്തം വിശുദ്ധ ഖുർആൻ, അല്ലെങ്കിൽ ഡിജിറ്റൽ രൂപത്തിലുള്ള ഖുർആൻ കൊണ്ട് വരേണ്ടതാണ്.
  • സ്ത്രീകളുടെ പ്രാർത്ഥനാ ഹാളുകൾ, കുടിവെള്ളം നൽകുന്ന സംവിധാനങ്ങൾ എന്നിവ തുറക്കില്ല.
  • ശുചിമുറികൾ തുറന്ന് കൊടുക്കില്ല.
  • ചുരുങ്ങിയത് 1.5 മീറ്റർ സമൂഹ അകലം ഉറപ്പാക്കുന്നതിനുള്ള അടയാളങ്ങൾ കാർപറ്റിൽ രേഖപ്പെടുത്തേണ്ടതാണ്.
  • പ്രാർത്ഥനകൾക്ക് എത്തുന്നവർ മുഴുവൻ സമയവും മാസ്കുകൾ ധരിക്കേണ്ടതാണ്. പള്ളികളിലേക്ക് പ്രവേശിക്കുന്ന സമയവും, പ്രാർത്ഥനകൾക്ക് ശേഷം മടങ്ങുമ്പോഴും കൈകൾ ശുചിയാക്കേണ്ടതാണ്.
  • പ്രാർത്ഥനകൾക്ക് ശേഷം ഉടൻ തന്നെ പള്ളികൾ അടച്ചിടാൻ പള്ളി അധികാരികൾ ശ്രദ്ധിക്കേണ്ടതാണ്.
  • സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ചകൾ കണ്ടെത്തുന്ന പള്ളികൾ അടക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.